പ്രവാസികളുടെ ജീവിതം മാറിമറിയും; ഷാർജയിൽ കണ്ടെത്തിയത് സമ്പത്തിന്റെയും തൊഴിലവസരങ്ങളുടെയും പുതിയ നിധി

Sunday 05 May 2024 11:24 AM IST

ഷാർജ: യുഎഇയുടെ സമ്പത്ത് വർദ്ധനവിന് മുതൽക്കൂട്ടായി പുതിയൊരു വാതക ശേഖരം കണ്ടെത്തിയതായി പ്രഖ്യാപനം. ഷാർജയിലെ അൽ സജാ വ്യാവസായിക മേഖലയിലെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന അൽ ഹദീബ പാടത്തായാണ് വാതക ശേഖരം കണ്ടെത്തിയത്. ഷാർജ സർക്കാരിന് കീഴിൽ പ്രവ‌ർത്തിക്കുന്ന ഷാർജ പെട്രോളിയം കൗൺസിൽ ആണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഷാർജ ദേശീയ ഓയിൽ കോ‌ർപ്പറേഷൻ പ്രദേശത്ത് കിണർ കുഴിച്ച് പരിശോധനകൾ നടത്തി വരികയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് വാതകശേഖരം കണ്ടെത്തിയത്. വാതക ശേഖരത്തിന്റെ വികസന സാദ്ധ്യതകൾ പരിശോധിക്കുന്നതിനായി വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ഓയിൽ കോർപ്പറേഷൻ വ്യക്തമാക്കുന്നു. അൽ-സജാ, കഹിഫ്, മഹാനി, മുയീദ് എന്നിവയ്ക്ക് പുറമെയുള്ള ഷാർജയിലെ അഞ്ചാമത്തെ വാതകശേഖരമാണ് അൽ ഹദീബ.

ഷാർജയിലെ പുതിയ വാതക ശേഖരം പ്രവാസികൾക്ക് അടക്കമുള്ളവർക്ക് പുതിയ തൊഴിൽ സാദ്ധ്യതകൾക്കാണ് വഴിതുറക്കുന്നത്. പ്രദേശത്ത് കൂടുതൽ പരിശോധനകൾക്ക് ശേഷം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് വിവരം.