വരൾച്ചാ കെടുതിയിൽ അമർന്ന് ചിറ്റൂരിലെ കാർഷിക മേഖല

Monday 06 May 2024 1:21 AM IST
കഠിനമായ ചൂടിൽ ചിറ്റൂർ മേഖലയിൽ ഉണങ്ങി നശിച്ച തെങ്ങുകൾ

ചിറ്റൂർ: മാസങ്ങളോളമായി ജില്ലയിൽ പ്രത്യേകിച്ച് ചിറ്റൂർ മേലയിൽ അനുഭവപ്പെടുന്ന കൊടും ചൂടിൽ കാർഷിക മേഖല രൂക്ഷമായ വരൾച്ച കെടുതിയെ നേരിടുകയാണ്. വരൾച്ചയിൽ കൃഷി നഷ്ടം സംഭവിച്ച കർഷകർക്ക് ദുരന്ത നിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി സഹായങ്ങൾ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായി. തെങ്ങ്, കവുങ്ങ്, മാവ്, പച്ചക്കറി, നെൽകൃഷി തുടങ്ങിയ സമസ്ത മേഖലകളും രൂക്ഷമായ വരൾച്ചയുടെ പിടിയിലമർന്നു. ധാരാളം വെള്ളം ലഭിക്കുന്ന കുഴൽ കിണറുകളും വറ്റിവരണ്ടു തുടങ്ങി. ചിലർ മാത്രമാണ് കുഴൽ കിണറിൽ അവശേഷിക്കുന്ന വെള്ളം ഉപയോഗിച്ച് അത്യാവശ്യം കൃഷി ചെയ്യുന്നത്. ബാക്കി ഭൂരിപക്ഷം കർഷകരും വലിയ തോതിലുള്ള ദുരിതത്തിലാണ്. വെള്ളം ലഭിച്ചിരുന്ന കവല കിണർ ബഹുഭൂരിപക്ഷവും വറ്റി വരണ്ടു. അത്യാവശ്യം ചിലതിൽ വെള്ളം അടിത്തട്ടിലെത്തിയതിനാൽ പമ്പിംഗ് പാതിയിലേറെ കുറഞ്ഞു. ഇത് മൂലം ചിറ്റൂർ മേഖലയിലെ ആയിരകണക്കിന് തെങ്ങുകൾക്ക് ഉണക്കം ബാധിക്കുകയും നിരവധി തെങ്ങുകൾ പൂർണ്ണമായി ഉണങ്ങി നശിക്കുകയും ചെയ്തു. വളരെ പ്രതീക്ഷയോടെ കരുതിയിരുന്ന കവുങ്ങ് കൃഷിയേയും ചൂടിന്റെ കാഠിന്യം ബാധിച്ചു തുടങ്ങി. മാങ്ങ ഉൽപാദനം നാമമാത്രമായി കുറഞ്ഞു.

നെൽകൃഷി ഒന്നാം വിള കൃഷിപ്പണി തുടങ്ങേണ്ട സമയമാണിപ്പോൾ. പൊടിവിത നടത്താൻ നിലമൊരുക്കാനും പച്ചിലവളത്തിന് വിത്ത് വിതയ്ക്കാനും പറ്റിയിട്ടില്ല. കഴിഞ്ഞ രണ്ടാം വിളക്കാലത്തും കനാൽ വെള്ളത്തിന്റെ ലഭ്യത കുറവ് കാരണം നെൽപാടങ്ങളുടെ വരമ്പുകളിൽ ഉള്ള നല്ല കായ്ഫലം തരുന്ന തെങ്ങു വിളകളാണ് കർഷകർക്ക് നഷ്ടമായത്. കാർഷിക മേഖലയിൽ ഇത്തരത്തിൽ രൂക്ഷമായ വരൾച്ച കണക്കിലെടുത്തു വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കുകയും വരൾച്ച ദുരന്ത നിവാരണ സഹായങ്ങൾ ലഭ്യമാക്കുന്നതിനാവാശ്യമായ നടപടികൾ സംസ്ഥാന സർക്കാരും തൃതല പഞ്ചായത്തുകളും സ്വീകരിക്കുകയും വേണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

മത്സ്യക്കൃഷിയും നഷ്ടത്തിൽ

വെള്ളത്തിന്റെ അഭാവം കാരണം മത്സ്യ കൃഷിയും നഷ്ടത്തിലായി. വളർച്ചയെത്തും മുമ്പ് മത്സ്യം വിളവെടുക്കേണ്ടതായ സ്ഥിതിയാണ് മിക്ക സ്ഥലത്തും കാണാൻ കഴിയുന്നത്. ഇത്തരം നാനാതരം കൃഷിയും നഷ്ടപെടുമ്പോൾ തൊഴിലുറപ്പ് ജോലികൾവരെ വരണ്ട ഭൂമിയിൽ ഒന്നുംചെയ്യാൻ കഴിയുന്നില്ല എന്നത് തൊഴിലാളികളേയും ബാധിച്ചു.

Advertisement
Advertisement