ജലക്ഷാമം; ഉൾക്കാടുകളിലേക്ക് താമസം മാറ്റി ആദിവാസികൾ

Monday 06 May 2024 1:24 AM IST

മംഗലംഡാം: ജലക്ഷാമം രൂക്ഷമായതോടെ കടപ്പാറ തളികക്കല്ല് ആദിവാസി കോളനിയിലെ വീട്ടുകാരെല്ലാം ചാലക്കുടി പുഴയ്ക്കു തുടക്കം കുറിക്കുന്ന കാരപ്പാറ പുഴ ഒഴുകുന്ന ഉൾവനങ്ങളിലേക്ക് താമസം മാറ്റി. കാരപ്പാറ പുഴയുടെ ഉത്ഭവ സ്ഥാനങ്ങളെല്ലാം വറ്റിവരണ്ടു കിടക്കുന്നുണ്ടെങ്കിലും താഴെ പലഭാഗത്തും നല്ല വെള്ളമുണ്ടെന്നു കോളനിക്കാർ പറയുന്നു.
54 വീടുകളുള്ള തളികക്കല്ല് ആദിവാസി കോളനിയിൽ ഇപ്പോൾ 15ൽ താഴെ കുടുംബങ്ങളാണുള്ളത്. മറ്റുള്ളവരെല്ലാം വെള്ളമുള്ള കാടുകളിലാണ് താമസമെന്നു മൂപ്പൻ നാരായണൻ പറഞ്ഞു.
ഇനി മഴ തുടങ്ങുന്ന ജൂൺ മാസത്തിലേ കുടുംബങ്ങൾ കോളനിയിൽ തിരിച്ചെത്തുകയുള്ളു. മഴ വൈകിയാൽ കാട്ടിലുള്ള കുട്ടികളുടെ പഠനവും വൈകും. മംഗലംഡാം മലയിൽ കുഞ്ചിയാർ പതിക്കടുത്ത് പടിക്കുറ്റി, മുതലച്ചാൽ, ഒരുകൊമ്പൻ, പുളിക്കൽ തോട്, ചേരുപുളി തുടങ്ങിയ കാടുകളിലാണ് വീട്ടുകാർ താമസിക്കുന്നത്. തേൻ ശേഖരണവുമായി കഴിയുകയാണ് ആദിവാസി കുടുംബങ്ങളെല്ലാം. കോളനിക്കാരെല്ലാം കാടുകയറിയപ്പോൾ ആനക്കൂട്ടങ്ങളാണ് ഇപ്പോൾ കോളനിയിൽ. രാപ്പകൽ വ്യത്യാസമില്ലാതെ ആനകൾ കോളനിയിലുണ്ടെന്ന് മൂപ്പൻ പറഞ്ഞു. കടപ്പാറയിൽ നിന്ന് കോളനിയിലേക്കുള്ള വഴിയിലും ആനകളുണ്ട്. കഴിഞ്ഞ രാത്രി ഇവിടെ സ്വകാര്യ തോട്ടങ്ങളിലും ആനകളെത്തിയിരുന്നു. തളികക്കല്ല് കുന്നിലെ കോളനിക്കാരുടെ വെള്ള ടാങ്കിൽ നിന്നാണ് ആനകൾ വെള്ളം കുടിച്ച് പ്രദേശത്ത് തമ്പടിക്കുന്നത്. ഇവിടെ കാട്ടുചോലകളിലും വെള്ളമില്ലാത്ത സ്ഥിതിയാണ്.

Advertisement
Advertisement