പുതിയ പദ്ധതിയൊരുങ്ങുന്നു മെഡി.കോളേജിൽ വെള്ളം മുടങ്ങില്ല

Monday 06 May 2024 12:25 AM IST
medical

കോഴിക്കോട്: മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്ക് ഇനി കുടിവെള്ളം മുടങ്ങി നെട്ടോട്ടമോടേണ്ടി വരില്ല. മഴവെള്ളത്തിൽ റീച്ചാർജ് ചെയ്ത് ഉപയോഗിക്കുന്ന പുതിയ കിണറുകൾ കുഴിച്ചും മഴവെള്ളം സംഭരിച്ചും ശുദ്ധജല വിതരണം എപ്പോഴും ഉറപ്പാക്കാൻ പദ്ധതിയൊരുങ്ങുന്നു. ആദ്യഘട്ടമായി എട്ട് മീറ്റർ വ്യാസത്തിലുള്ള കിണറാണ് നിർമ്മിക്കുക. ഇതിന് സമീപത്തായി മെഡിക്കൽ കോളേജ് കാമ്പസിൽ നിന്നുള്ള മഴവെള്ളം ശേഖരിക്കുന്നതിനായി ജല സംഭരണിയും നിർമിക്കും. ഇതിൽ നിന്ന് കിണർ റിച്ചാർജ് ചെയ്യാനാവും. കിണറിന് സമീപത്തായി ഒരു കോടി ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന സംഭരണി നിർമിച്ച് കിണറിൽ നിന്ന് വെള്ളം ശേഖരിച്ച് ആവശ്യാനുസരണം മെഡിക്കൽ കോളേജിലെ കുടിവെള്ള വിതരണ ടാങ്കിലേക്ക് പമ്പ് ചെയ്തു ഉപയോഗിക്കുന്നതാണ് പദ്ധതി. സ്റ്റേഡിയത്തിന് സമീപമാണ് കിണർ നിർമിക്കുന്നത്.

സി.ഡബ്ല്യു.ആർ.ഡി.എമ്മിന്റെ നേതൃത്വത്തിൽ സ്ഥലപരിശോധനയും സർവേയും കഴിഞ്ഞു. വിശദമായ പദ്ധതി രേഖ തയ്യാറാക്കി സി.ഡബ്ല്യു.ആർ.ഡി.എം ഒരാഴ്ചയ്ക്കകം മെഡിക്കൽ കോളേജിന് നൽകും. പി.ഡബ്ല്യൂ.ഡി പ്രൊജക്ടിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കികഴിഞ്ഞാൽ സർക്കാർ അംഗീകാരത്തിനായി ശ്രമിക്കും.

250 ഏക്കറിലായി കിടക്കുന്ന മെഡിക്കൽ കോളേജ് കാമ്പസിൽനിന്ന് ഒരു വർഷം ഏകദേശം 250 കോടി ലിറ്റർ മഴവെള്ളം ലഭിക്കുന്നുണ്ട്. ഇതിന്റെ 50 ശതമാനമെങ്കിലും ശേഖരിക്കാനാണ് ലക്ഷ്യം. മഴവെള്ളം റീച്ചാർജ് ചെയ്യാനുള്ള പലതരത്തിലുള്ള സംവിധാനങ്ങളുമുണ്ടാക്കും.നിലവിൽ മെഡിക്കൽ കോളേജിലുള്ള മൂന്ന് കുഴൽകിണറുകളിലെ വെള്ളവും പരിശോധിക്കും. എത്ര വെള്ളം ദിവസവും ഈ കിണറുകളിൽ നിന്ന് എടുക്കാനാവും എന്നതുൾപ്പെടെയുള്ള കാര്യങ്ങളിലും പഠനം നടത്തും. നിലവിൽ ഈ കുഴൽകിണറുകളിലെ വെള്ളം കുടിവെള്ളാവശ്യത്തിനായി ഉപയോഗിക്കാറില്ല. നിർമാണപ്രവർത്തനങ്ങൾക്കും മറ്റുമായി ദിവസവും 20,000 ലിറ്റർ വെള്ളം മാത്രമാണെടുക്കുന്നത്.

കൂളിമാട്,പൂളക്കടവ് ജല സംഭരണികളിൽ നിന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വെള്ളം വിതരണം ചെയ്യുന്നത്. ഇരു പ്ലാന്റുകളിൽ നിന്നുള്ള പൈപ്പ് പൊട്ടി മെഡിക്കൽ കോളജിൽ വെള്ളം മുടങ്ങുന്നതും ശസ്ത്രക്രിയകളും പോസ്റ്റ് മോർട്ടവും മുടങ്ങുന്നതും നിത്യസംഭവമാണ്. പുതിയ സംവിധാനമൊരുങ്ങുന്നതോടെ പ്രശ്നത്തിന് പരിഹാരമാകും. ഈ വർഷം തന്നെ ആദ്യഘട്ട കിണർ നിർമാണം പൂർത്തിയാക്കാനാണ് ആശുപത്രി അധികൃതർ ആലോചിക്കുന്നത്. പദ്ധതി വിജയിക്കുകയാണെങ്കിൽ ആവശ്യാനുസരണം കിണറുകളുടെ എണ്ണം വർദ്ധിപ്പിക്കാനുമാണ് പദ്ധതി.

''വ്യാഴാഴ്ചയ്ക്കുള്ളിൽ സി.ഡബ്ല്യു.ആർ.ഡി.എമ്മിന്റെ പദ്ധതി രേഖ ലഭിക്കുമെന്നാണ് പ്രതീക്ഷ. തുടർന്ന് എത്രയും പെട്ടെന്നുതന്നെ കിണർ നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും''

സത്യൻ മായനാട്,

സീറോ വേസ്റ്റ് മെഡിക്കൽ കോളേജ് കോ-ഓർഡിനേറ്റർ

Advertisement
Advertisement