തിരഞ്ഞെടുപ്പിൽ കാണാതെ കെ.പി കുഞ്ഞിക്കണ്ണൻ, കല്യാശ്ശേരിയിൽ ഉണ്ടായിരുന്നെന്ന് കെ.പി

Monday 06 May 2024 12:25 AM IST
കെ.പി കുഞ്ഞിക്കണ്ണൻ

കാസർകോട്: കാസർകോട് ഡി.സി.സിയുടെ മുൻ പ്രസിഡന്റും മുൻ ഉദുമ എം.എൽ.എയും കെ.പി.സി.സി ഭാരവാഹിയും ആയിരുന്ന കെ.പി കുഞ്ഞിക്കണ്ണൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പ്രചാരണ രംഗത്തൊന്നും ഇല്ലാതിരുന്നത് യു.ഡി.എഫ് പ്രവർത്തകർക്കിടയിൽ ചർച്ചാവിഷയമാകുന്നു. രാജ്മോഹൻ ഉണ്ണിത്താന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പും അതിനു ശേഷവും ഒന്ന്, രണ്ട് കോൺഗ്രസ് യോഗങ്ങളിൽ കെ.പി കുഞ്ഞിക്കണ്ണൻ പങ്കെടുത്തിരുന്നു. പിന്നീട് അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. ആരോഗ്യപരമായ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കെ.പി കുഞ്ഞിക്കണ്ണൻ തന്നെ സാക്ഷ്യപ്പെടുത്തി. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അസ്വാരസ്യവും ഗ്രൂപ്പ് തർക്കവുമാകാം ജില്ലയിലെ പ്രചാരണത്തിൽ നിന്ന് മാറി നിൽക്കാൻ കാരണമെന്ന് എതിരാളികളും പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ഇതൊന്നും അല്ലെന്ന് 'കേരള കൗമുദി'യോട് പ്രതികരിക്കവെ ജില്ലാ കോൺഗ്രസിലെ മുൻ 'കിംഗ് മേക്കർ' അവകാശപ്പെടുന്നു.

നിങ്ങളെ കുറിച്ച് പ്രവർത്തകരും എതിരാളികളും പ്രചരിപ്പിക്കുന്നതിൽ വല്ല കാര്യവും ഉണ്ടോ?

ഞാൻ എവിടെ പോകാനാണ്. യു.ഡി.എഫ് ജയിക്കാൻ പയ്യന്നൂർ, കല്ല്യാശേരി മണ്ഡലങ്ങളിലെ സി.പി.എം വോട്ട് കുറയ്ക്കണം. ഈ മണ്ഡലങ്ങളിലെ ഭൂരിപക്ഷം കൊണ്ടാണ് എൽ.ഡി.എഫ് ജയിക്കുക. ഭൂരിപക്ഷം കുറക്കാൻ അവിടെ തന്നെ കേന്ദ്രീകരിച്ച് വർക്ക് ചെയ്യേണ്ടിവന്നു. തിരക്കിൽ അവിടെ നിന്ന് ഊരാൻ കഴിഞ്ഞില്ല.

കാസർകോട് നിന്നും പൂർണ്ണമായി വിട്ടു നിന്ന തിരഞ്ഞെടുപ്പ് മുമ്പില്ലായിരുന്നല്ലോ?

അത് ശരിയായിരിക്കാം.എല്ലാ തിരഞ്ഞെടുപ്പിലും സജീവമായി ഉണ്ടാകാറുണ്ട്. പക്ഷേ ഇത്തവണ അങ്ങനെ വേണ്ടി വന്നു. കാസർകോട്ടെ ആരോടെങ്കിലും എതിർപ്പ് ഉള്ളത് കൊണ്ടായിരുന്നില്ല.

ഉണ്ണിത്താനുമായി അഭിപ്രായവിത്യാസം ഉണ്ടായിരുന്നോ?

ആരു പറഞ്ഞു അങ്ങനെ. ഒരു അഭിപ്രായവിത്യാസവും ഉണ്ടായിട്ടില്ല.ഹൈക്കമാന്റ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി ആയിരുന്നില്ലെ. എല്ലാവരും ചേർന്ന് വിജയിപ്പിക്കാൻ പണിയെടുത്തു.

കാസർകോട്ടെ താങ്കളുടെ വോട്ട് ബാങ്കിൽ ഉലച്ചിൽ ഉണ്ടാകില്ലെ?

ഞാൻ പോയില്ലെങ്കിലും അവിടത്തെ യു.ഡി.എഫ് വോട്ട് എങ്ങോട്ടും പോകില്ല. അവർ കൃത്യമായും ഉണ്ണിത്താന് വോട്ട് ചെയ്തിട്ടുണ്ട്.

കാസർകോട് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ നെഗറ്റീവ് വോട്ടുണ്ടായി എന്ന് കേൾക്കുന്നല്ലോ?

നേതാക്കൾ എല്ലാവരും ഒറ്റക്കെട്ടായിരുന്നു. അങ്ങനെ ഉണ്ടായതായി ഞാൻ വിശ്വസിക്കുന്നില്ല. കാസർകോട് ബി.ജെ.പി വോട്ട് ഇടതുമുന്നണിയുടെ പെട്ടിയിൽ വീണിട്ടുണ്ട് എന്നാണ് കരുതുന്നത്. അവസാന നാളുകളിൽ ഇവർ തമ്മിൽ ചില അന്തർധാര ഉണ്ടായിട്ടുണ്ട്. ബി.ജെ.പിക്ക് കുറയുന്ന വോട്ട് എൽ.ഡി.എഫിന് ആയിരിക്കും കിട്ടിക്കാണുക. എന്നാലും യു.ഡി.എഫ് ജയിക്കുമെന്നും കെ.പി കുഞ്ഞിക്കണ്ണൻ പറഞ്ഞു.

Advertisement
Advertisement