കലിതുള്ളി കള്ളക്കടൽ

Monday 06 May 2024 12:55 AM IST

കൊല്ലം: അപ്രതീക്ഷിതമായി ആർത്തലച്ചെത്തുന്ന തിരമാലകളെ പേടിച്ചാണ് നാളുകളായി ജില്ലയിലെ തീരദേശ ജനത കഴിയുന്നത്. ഒന്നു കണ്ണടയ്ക്കാൻ പോലും ഇവർ ഭയക്കുകയാണ്. ഇടയ്ക്കിടെ ഉണ്ടാകുന്ന കള്ളക്കടൽ പ്രതിഭാസമാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്.

കലിതുള്ളിവരുന്ന കടലിനെ നോക്കി കരയാൻ മാത്രമാണ് ഇവരുടെ വിധി. ഇരവിപുരം, മയ്യനാട്, താന്നി, മുണ്ടയ്ക്കൽ, വെടിക്കുന്ന്, ചെറിയഴീക്കൽ, പണിക്കർകടവ്, ചെറിയഴീക്കൽ സി.എഫ്.എ ഗ്രൗണ്ട്, ശ്രായിക്കാട്, പറയക്കടവ്, ഭദ്രൻമുക്ക്, കുഴിത്തുറ തുടങ്ങിയ ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്.

ഇന്നലെ രാവിലെ പത്തോടെയാണ് കടലാക്രമണം തുടങ്ങിയത്. ഇടവിട്ട് ഇടവിട്ടാണ് ഉയർന്ന തിരമാലകൾ കരയിലേക്ക് അടിച്ചുകയറിയത്. ഇടയ്ക്ക് ശാന്തമാകും. പലഭാഗത്തും 0.5 മുതൽ 1.5 മീറ്റർ വരെ തിരമാലകൾ ഉയർന്നായി നാട്ടുകാർ പറഞ്ഞു.

മുണ്ടയ്ക്കൽ ഭാഗത്ത് കഴിഞ്ഞ മാർച്ച് 31ന് ഉണ്ടായ കടലാക്രമണത്തിൽ ഭാഗികമായി തകർന്ന വീടുകൾ ഇത്തവണ തിരയെടുത്തു. ഏകദേശം പത്ത് അടിയോളം താഴ്ചയിലാണ് തീരം കടലെടുത്തത്.

മുണ്ടയ്ക്കൽ സ്നേഹക്കുന്ന് ഭാഗത്ത് കഴിഞ്ഞമാസം 29ന് ഉണ്ടായ കടൽക്ഷോഭത്തിൽ സ്നേഹക്കുന്ന് സെന്റ് ജോർജ് ചാപ്പൽ ഭാഗികമായി തകർന്നിരുന്നു. ചാപ്പലിന്റെ കുറച്ച് ഭാഗങ്ങൾ കൂടി ഇന്നലെ തകർന്നു. കടലാക്രമണം രൂക്ഷമാകുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു.

ആഞ്ഞടിക്കൽ അപ്രതീക്ഷിതം

 ജാഗ്രത നിർദ്ദേശവും റെഡ് അലർട്ട് പ്രഖ്യാപനവും തീരത്തെ ഭീതിയിലാഴ്ത്തി

 ശനിയാഴ്ച ഉച്ചയോടെ റെഡ് അലർട്ട് പിൻവലിച്ച് ഓറഞ്ച് അലർട്ടാക്കി

 എങ്കിലും തീരനിവാസികൾ കഴിഞ്ഞത് ആശങ്കയോടെ

 ഇന്നലെ രാവിലെ 10 മണി വരെ കടൽ ശാന്തം

 പിന്നീട് അപ്രതീക്ഷിതമായി തിരമാലകൾ ആഞ്ഞടിച്ചു

 സ്ഥിതി രൂക്ഷമായിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ല

കുടിവെള്ളവും ഇല്ല

മുണ്ടയ്ക്കൽ ഭാഗത്ത് ഇന്നലെ കുടിവെള്ളവും ലഭിച്ചില്ല. നാളുകളായുള്ള കടലാക്രമണത്തിൽ പൊതുടാപ്പുകളെല്ലാം കടലെടുത്തു. ഇവിടെ 25 ഓളം വീടുകളാണ് തകർന്നത്. പല വീടുകളുടെയും അസ്ഥിവാരം വരെ കടലെടുത്തു.

പുലിമുട്ട് നിർമ്മാണം വാഗ്ദാനങ്ങളിൽ ഒതുങ്ങി, പുനർഗേഹം പദ്ധതിയിൽ 80 ഓളം വീട്ടുകാർക്ക് പത്തുലക്ഷം രൂപ നൽകി മാറ്റിപാർപ്പിക്കാൻ പട്ടികയായെങ്കിലും തുക ലഭിച്ചിട്ടില്ല.

മുണ്ടയ്ക്കൽ നിവാസികൾ

Advertisement
Advertisement