സാമ്പ്രാണിക്കോടിയിൽ അപകടങ്ങൾ ആവർത്തിച്ചിട്ടും അനക്കമില്ല

Monday 06 May 2024 11:57 PM IST

കൊല്ലം: സാമ്പ്രാണിക്കോടി തുരുത്ത് കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാരത്തിന് തിരക്കേറിയതോടെ അപകടങ്ങളും പതിവാകുന്നു. വാഹനത്തിരക്കിനെ തുടർന്നുള്ള അപകടങ്ങൾ കൂടാതെ കായലിൽ ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങളും വർദ്ധിച്ചു.

കഴിഞ്ഞ മാർച്ചിൽ പ്രാക്കുളം മധുരശേരി സ്വദേശിയായ ബോട്ട് ഡ്രൈവറുടെ വലത് കൈയ്ക്ക് ഗുരുതര പരിക്കേറ്റതാണ് ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ ഒടുവിലത്തെ സംഭവം. ആഴ്ചകൾക്ക് മുമ്പ് വിനോദ സഞ്ചരിയായ ഒരു സ്ത്രീ കായലിൽ വീഴുകയും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു.

ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ പലപ്പോഴും ഉപയോഗിക്കുന്നില്ലെന്നാണ് പരാതി. അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ലെന്നാണ് ആക്ഷേപം. തുരുത്തിലെ വിനോദ സഞ്ചാരത്തിന്റെ ചുമതല ഡി.ടി.പി.സിക്കാണ്.

‌‌‌ഡി.ടി.പി.സി കൗണ്ടറുകൾ വർദ്ധിപ്പിക്കണം

 തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ കൗണ്ടറുകൾ തുടങ്ങണമെന്ന ആവശ്യം ശക്തം

 കളക്ടർ പങ്കെടുത്ത ഡി.ടി.പി.സി യോഗത്തിൽ മണലിൽ ക്ഷേത്രക്കടവിലും കുരീപ്പുഴ പള്ളിക്ക് സമീപത്തും കൗണ്ടറുകൾ ആരംഭിക്കാൻ ധാരണയായി

 ഇതിൽ തുടർ നടപടികൾ ഉണ്ടായില്ല

 നിലവിലുള്ള ബോട്ടുകൾ തന്നെ മറ്റ് കൗണ്ടറുകൾ കേന്ദ്രീകരിച്ചും സർവീസ് നടത്തണമെന്ന ധാരണയും നടപ്പായില്ല

പാർക്കിംഗിൽ കുരുങ്ങി

കോടിയിൽ വാഹന പാർക്കിംഗിന് സൗകര്യം ഇല്ലാത്തത് ഗുരുതര പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. അവധി ദിവസങ്ങളിൽ വാഹനങ്ങൾ കിലോമീറ്ററുകളോളം റോഡ് വശങ്ങളിൽ പാർക്ക് ചെയ്യുന്നതിനാൽ ബസ് സർവീസുകൾ പാതിവഴിയിൽ അവസാനിക്കുകയാണ്.

റോഡ് വശങ്ങളിൽ സ്വകാര്യ വാഹനങ്ങൾ കൈയടക്കുന്നതിനാൽ സാമ്പ്രാണിക്കോടി ഹരിജൻ കോളനിയിലടക്കമുള്ളവർ കാൽനടയായി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. വീട്ടിൽ നിന്ന് വാഹനത്തിൽ പുറത്തിറങ്ങാനും കഴിയുന്നില്ല.

ഹരിജൻ കോളനി നിവാസികൾ

Advertisement
Advertisement