മനുഷ്യ- വന്യജീവി സംഘർഷം: തുടർ നടപടികൾ ഇഴയുന്നു

Monday 06 May 2024 12:14 AM IST

കൊച്ചി: മനുഷ്യ - വന്യജീവി സംഘർഷം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ട് രണ്ടുമാസം പൂർത്തിയാകുമ്പോഴും തുടർനടപടികൾ ഇഴയുന്നു. പ്രഖ്യാപനത്തിനുശേഷവും പരിക്കേറ്റവരുടെ ചികിത്സാച്ചെലവുപോലും പെരുമാറ്റച്ചട്ടത്തിൽ കുരുങ്ങി.

മാർച്ച് 6ന് ചേർന്ന മന്ത്രിസഭാ യോഗമാണ് മനുഷ്യ - വന്യജീവി സംഘർഷം 'സംസ്ഥാന പ്രത്യേക ദുരന്ത'മായി (സ്റ്റേറ്റ് സ്‌പെസിഫിക്ക് ഡിസാസ്റ്റർ) പ്രഖ്യാപിച്ചത്. അതിനുശേഷം വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 3 പേർ മരിച്ചു. ഒരു കുടുംബത്തിലെ 8 വയസുള്ള വിദ്യാർത്ഥിയും മാതാപിതാക്കളും ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. ഇതോടെ ഈ വർഷം വന്യജീവികളുടെ ആക്രമണത്തിൽ മരണം 11 ആയി.

മാർച്ച് 29ന് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുമളി സ്വദേശി രാജീവ് ഉൾപ്പെടെ പലരും ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരുടെ ചികിത്സാചെലവ് സർക്കാർ വഹിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ നടപ്പാക്കിയില്ല.

ദുരന്ത നിവാരണത്തിന് പ്രഖ്യാപിച്ച 20 കർമ്മപദ്ധതികളിൽ വകുപ്പുതലത്തിലുള്ള വിവരശേഖരണം മാത്രാണ് നടന്നത്. വന്യജീവി സംഘർഷ മേഖലയിലെ താമസക്കാർക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ സന്ദേശം നൽകുന്നതിലും നടപടിയുണ്ടായില്ല.

മാർച്ച് 6ന് ശേഷം മരണം

27ന് വയനാട് മേപ്പാടിയിൽ ആദിവാസി വീട്ടമ്മ മിനിയും 31ന് പത്തനംതിട്ട തുലാപ്പള്ളി സ്വദേശി ബിജുവും കാട്ടാനയുടെ ആക്രമണത്തിൽ. ഏപ്രിൽ 4ന് വാൽപ്പാറയിൽ തോട്ടം തൊഴിലാളി അരുൺ കാട്ടുപോത്തിന്റെ ആക്രമണത്തിൽ

 'മാർച്ച് 29ന് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ സഹോദരന്റെ ചികിത്സാചെലവ് വനംവകുപ്പ് വഹിക്കുമെന്ന് പെരിയാർ ടൈഗർ റിസർവ് ‌ഡെപ്യൂട്ടി ഡയറക്ടർ നേരിട്ട് അറിയിച്ചതാണ്. 8 ലക്ഷംരൂപയോളം ആശുപത്രി ബില്ല് ആയി. ഒരു ലക്ഷം മാത്രമാണ് ലഭിച്ചത്.

എം.ആർ.സജീവൻ, കുമളി

Advertisement
Advertisement