ചില്ലുകുപ്പി നിർബന്ധം വെറുതേയായി പ്ളാസ്റ്റിക്ക് കുപ്പി നിർമ്മാർജ്ജനവും ബെവ്കോ ഉപേക്ഷിച്ചു

Monday 06 May 2024 12:14 AM IST

തിരുവനന്തപുരം: മദ്യക്കമ്പനികൾ ചില്ലുകുപ്പികളിൽ മദ്യം നൽകണമെന്ന നിലപാടിൽ നിന്നു ബിവറേജസ് കോർപ്പറേഷൻ പിൻവലി‌ഞ്ഞു. മദ്യം വിൽക്കുന്ന പ്ളാസ്റ്റിക് കുപ്പികൾ ശേഖരിച്ച് പുനരുപയോഗത്തിന് നൽകാനുള്ള പദ്ധതിയും ഉപേക്ഷിച്ചു. രണ്ടു തീരുമാനങ്ങളും നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നാണ് കോർപ്പറേഷന്റെ നിലപാട്.

പ്രതിവർഷം 56 കോടി കുപ്പികളിലാണ് ബെവ്കോ മദ്യം വിൽക്കുന്നത്. ബാറുകൾക്ക് വിൽക്കുന്ന കുപ്പികൾ അവരുടേതായ സംവിധാനത്തിൽ മാറ്റുന്നുണ്ട്. ചില്ലറവില്പന ശാലകളിലൂടെ വിനിമയംചെയ്യുന്ന കുപ്പികളാണ് മാലിന്യപ്രശ്നമുണ്ടാക്കുന്നത്. ശുചിത്വ മിഷനുമായി സഹകരിച്ച് കുടുംബശ്രീ സഹായത്തോടെ ഉപയോഗശൂന്യമായ കുപ്പികൾ ശേഖരിച്ച് പുനരുപയോഗ സ്ഥാപനങ്ങളിലേക്ക് എത്തിക്കാനുള്ള ചർച്ച ബെവ്കോ നടത്തിയിരുന്നു. സാമ്പത്തിക ബാദ്ധ്യതയും കുപ്പികൾ ശേഖരിച്ച് സൂക്ഷിക്കാനുള്ള അസൗകര്യവും കാരണമാണ് അത് ഉപേക്ഷിച്ചത്. പ്ളാസ്റ്റിക് നിരോധനം മുൻനിറുത്തി മദ്യം ചില്ല് കുപ്പികളിൽ നൽകണമെന്ന് കഴിഞ്ഞ വർഷമാണ് ബെവ്കോ നിർദ്ദേശം നൽകിയത്. മദ്യക്കമ്പനികൾ അത് ചെവിക്കൊണ്ടില്ല. ഉത്പാദനച്ചെലവ് കൂടുമെന്നതാണ് കാരണം. ബെവ്കോയുമായി കരാറിൽ ഏർപ്പെടുമ്പോൾ മാത്രമാണ് മദ്യവില നിശ്ചയിക്കാൻ കമ്പനികൾക്ക് അവകാശം. പിന്നീട് വില കൂട്ടാനുള്ള അധികാരം ബെവ്കോയ്ക്കാണ്.

കേരളത്തിന് അകത്തും പുറത്തുമായുള്ള മദ്യനിർമ്മാതാക്കളുൾപ്പെടെ 18 ഓളം ഡിസ്റ്റിലറി/ ബോട്ട്ലിംഗ് യൂണിറ്റുകളാണ് സംസ്ഥാനത്തുള്ളത്. ആലപ്പുഴയിലെ എക്സൽ ഗ്ളാസ് ഫാക്ടറി പൂട്ടിയശേഷം ചില്ല് കുപ്പികൾക്ക് ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെയാണ് ആശ്രയിക്കേണ്ടിവന്നത്. 750 മില്ലിയുടെ ഫുൾബോട്ടിൽ പ്ളാസ്റ്റിക് കുപ്പിക്ക് 10 മുതൽ 13 രൂപവരെ വിലയുള്ളപ്പോൾ ചില്ല് കുപ്പിക്ക് 20 മുതൽ 30 വരെയാവും വില. വെയർഹൗസുകളിലും ചില്ലറ വില്പന ശാലകളിലും മദ്യം ഇറക്കുകയും കയറ്റുകയും ചെയ്യുമ്പോൾ കുപ്പി പൊട്ടി ഉണ്ടാവുന്ന നഷ്ടവും കമ്പനികൾ സഹിക്കണം. ചില്ല് കുപ്പികളോടുള്ള താത്പര്യക്കുറവിന് കാരണം ഇതാണ്.

കുപ്പിക്കണക്ക്

56 കോടി കുപ്പികൾ

ഒരു വർഷം ഇറങ്ങുന്നത്

65 ശതമാനം

പ്ളാസ്റ്റിക് കുപ്പികൾ

15 ശതമാനം

ചില്ല് കുപ്പി

20 ശതമാനം

ബിയർ കുപ്പി

''തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഹരിതകേരള മിഷൻ സഹായത്തോടെ പ്ലാസ്റ്റിക് കുപ്പി ശേഖരണം നടത്തുന്നുണ്ട്. അതിനാൽ സ്വന്തം നിലയ്ക്കുള്ള പ്ളാസ്റ്റിക് കുപ്പി നിർമ്മാർജ്ജനം ഇപ്പോൾ പരിഗണനയിലില്ല.

-യോഗേഷ് ഗുപ്ത

ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ, ബെവ്കോ

Advertisement
Advertisement