കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് കസ്റ്റഡിയിൽ

Monday 06 May 2024 12:00 AM IST

കൊയിലാണ്ടി: ഇന്ത്യൻ കോസ്റ്റ് ഗാർഡ് കൊയിലാണ്ടി പുറംകടലിൽ നിന്ന് ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് കൊയിലാണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ ബോട്ട് കണ്ടെത്തിയത്. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ സംഘത്തിലുള്ളവരാണ് ഇവർ. ഇന്ധനം തീർന്ന ബോട്ട് കൊയിലാണ്ടി തീരത്ത് കുടുങ്ങുകയായിരുന്നു. കൊച്ചിയിൽ നിന്നുള്ള കോസ്റ്റ് ഗാർഡ് സംഘമാണ് ഇവരെ പിടികൂടിയത്. ഇറാനിയൻ ബോട്ടിന്റെ സാന്നിദ്ധ്യം സംബന്ധിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് പിടിയിലായത്. മത്സ്യതൊഴിലാളികളെ ബോട്ടുമായി കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന.

Advertisement
Advertisement