5 അസിസ്റ്റ്, 1 ഗോൾ മെസി എന്നാ സുമ്മാവാ !

Sunday 05 May 2024 11:49 PM IST

ന്യൂയോർക്ക്: മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിക്കുവേണ്ടി ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ റെക്കാഡ് പ്രകടനം പുറത്തെടുത്ത് ലയണൽ മെസി. . രണ്ടിനെതിരേ ആറ് ഗോളുകൾക്ക് ഇന്റർ മയാമി ജയിച്ച കളിയിൽ അഞ്ച് അസിസ്റ്റുകളും ഒരു ഗോളുമായാണ് മെസി കളംനിറഞ്ഞത്. മയാമിക്കായി ലൂയിസ് സുവാരസ് ഹാട്രിക്കും മത്യാസ് റോയാസ് ഇരട്ടഗോളുകളും നേടി. ആറ് ഗോളുകളിലും പങ്കാളിയായ മെസി ഒരു മേജർ സോക്കർ ലീഗ് മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകളിൽ പങ്കാളിയാകുന്ന താരം, ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകുന്ന താരം എന്നീ റെക്കാഡുകളാണ് സ്വന്തമാക്കിയത്.

ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്നശേഷമാണ് മയാമി ഉഗ്രൻ തിരിച്ചുവരവ് നടത്തുന്നത്. 30-ാം മിനിട്ടിൽ ഡന്റെ വൻസിറാണ് റെഡ് ബുൾസിനായി വലകുലുക്കിയത്. എന്നാൽ 48-ാം മിനിട്ടിൽ മാത്യാസ് റോയാസിലൂടെ മയാമി തിരിച്ചടിച്ചു. മെസ്സിയുടെ പാസ് സ്വീകരിച്ച താരം മികച്ച ലോങ്‌റേഞ്ചറിലൂടെ വലകുലുക്കി. 50-ാം മിനിട്ടിൽ റെഡ് ബുൾസിന്റെ ഡിഫന്‍സീവ് പിഴവ് മുതലെടുത്ത് സുവാരസ് നീട്ടിയ പന്ത് മെസ്സി അനായാസം ലക്ഷ്യത്തിലെത്തിച്ചു.

62-ാം മിനിട്ടിൽ മയാമിയുടെ മൂന്നാം ഗോളെത്തി. പ്രതിരോധതാരങ്ങൾക്കിടയിലൂടെ മെസ്സി ബോക്‌സിലേക്ക് നല്‍കിയ പന്ത് സ്വീകരിച്ച റോയാസ് മത്സരത്തിലെ തന്റെ രണ്ടാം ഗോൾനേടി. പിന്നെ സുവാരസിന്റെ ഊഴമായിരുന്നു. ബാഴ്‌സയിലെപോലെ മെസ്സിയും സുവാരസും മൈതാനത്ത് ഒരുമിച്ച് നടത്തിയ നീക്കങ്ങളെ തടയിടാൻ റെഡ് ബുള്‍സ് പ്രതിരോധത്തിനായില്ല. 68,75,81 മിനിട്ടികളിൽ സുവാരസ് ലക്ഷ്യംകണ്ടു. മൂന്ന് ഗോളുകൾക്കും അസിസ്റ്റ് നൽകിയത് മെസ്സിയാണ്.

Advertisement
Advertisement