ഉഷ്ണതരംഗ സാദ്ധ്യത: ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി

Monday 06 May 2024 1:01 AM IST
.

മലപ്പുറം: ചൂട് കൂടിവരികയും ഉഷ്ണതരംഗ സാദ്ധ്യത നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മേയ് ആറ് വരെ പ്രതിരോധ നടപടികളുടെ ഭാഗമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടർ വി.ആർ. വിനോദ് ഉത്തരവിറക്കി. പകൽ 11 മുതൽ മൂന്ന് വരെ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം പതിക്കുന്നത് ഒഴിവാക്കണം. നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യ തൊഴിലാളികൾ, മ​റ്റ് കാഠിന്യമുള്ള ജോലികൾ ചെയ്യുന്നവർ എന്നിവർ ജോലിസമയം ക്രമീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്വകാര്യ ട്യൂഷൻ സെന്ററുകൾക്കും അവധിക്കാല ക്ലാസുകൾക്കും മേയ് ആറ് വരെ അവധി പ്രഖ്യാപിച്ചു. എന്നാൽ നേരത്തേ നിശ്ചയിച്ച പരീക്ഷകൾക്ക് മാ​റ്റമുണ്ടാകില്ല. വിദ്യാർത്ഥികൾക്ക് ആവശ്യമായ കുടിവെള്ളവും പരീക്ഷാ ഹാളിൽ വായു സഞ്ചാരവും ഉറപ്പാക്കണം. പെയ്യാതെ മഴ അന്തരീക്ഷം മഴക്കാറ് കൊണ്ട് മൂടി നിന്ന് കൊതിപ്പിച്ചെങ്കിലും മഴ പെയ്യാതെ മാറിനിന്നു. എങ്കിലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ചുട്ടുപൊള്ളുന്ന ചൂടിൽ അൽപ്പം ആശ്വാസമുണ്ടായിരുന്നു. ഒരാഴ്ചയോളമായി 39നും 41 ഡിഗ്രിക്കിടയിലും ചൂട് രേഖപ്പെടുത്തിയ മലയോര മേഖലകളിൽ ഇന്നലെ മുണ്ടേരിയിൽ രേഖപ്പെടുത്തിയ 37 ഡിഗ്രിയാണ് കൂടിയ ചൂട്. നിലമ്പൂരിൽ 35.7ഉും. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിലെ കണക്കാണിത്. വെതർ സ്റ്റേഷൻ - ഉയർന്ന ചൂട് പാലേമാട് - 36.6 ആനക്കയം - 35.2 വാക്കാട് - 32.8 തെന്നല - 33.8 തവനൂർ കെ.വി.കെ - 34 തൊഴിലാളികൾ ക്യാമ്പിലേക്ക് ആസ്ബസ്​റ്റോസ്, ടിൻ ഷീ​റ്റുകൾ മേൽക്കൂരകൾ ആയിട്ടുള്ള തൊഴിലിടങ്ങൾ പകൽ സമയം അടച്ചിടണം. ഇത്തരം മേൽക്കൂരകളുള്ള വീടുകളിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ നടപടി സ്വീകരിക്കണം. മാർക്ക​റ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങി തീപിടുത്ത സാദ്ധ്യതയുള്ള ഇടങ്ങളിൽ ഫയർ ഓഡി​റ്റ് നടത്തുകയും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. ജില്ലയിലെ ആശുപത്രികളുടെയും പ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും ഫയർ ഓഡി​റ്റ് അടിയന്തരമായി നടത്തണം. ഇത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡ പ്രകാരമായിരിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് വനം വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വളർത്തു മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. ലയങ്ങൾ, ആദിവാസി കോളനികൾ, ആവാസ കേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ കുടിവെള്ളം ഉറപ്പാക്കണമെന്നും ജില്ലാകളക്ടറുടെ ഉത്തരവിൽ പറയുന്നു.

Advertisement
Advertisement