വൈദ്യുതാഘാതമേറ്റ് കാക്കകൾക്ക് കൂട്ടമരണം
Monday 06 May 2024 1:16 AM IST
എഴുകോൺ: പറക്കുന്നതിനിടെ വിശ്രമിക്കാൻ വൈദ്യുതി കമ്പിയിലിരുന്ന കാക്കകൾക്ക് ഷോക്കേറ്റ് കൂട്ടമരണം. ഞായറാഴ്ച രാവിലെ പോച്ചംകോണം കെ.ഐ.പി കനാലിന് സമീപമാണ് ഒരേ സമയം കൂട്ടത്തോടെയെത്തി ലൈൻ കമ്പിയിൽ ഇരുന്ന ഏഴ് കാക്കകൾ ഷോക്കേറ്റ് ചത്തുവീണത്.
എൽ.ടി ലൈനിൽ നിന്നാണ് കാക്കകൾക്ക് ഷോക്കേറ്റത്. മൂന്ന് കാക്കകൾ ലൈനിൽ കുരുങ്ങിയും ബാക്കിയുള്ളവ നിലത്ത് വീണും കിടക്കുന്ന നിലയിലായിരുന്നു. കമ്പികൾ തമ്മിൽ വേണ്ടത്ര അകലമില്ലാത്ത ഇവിടെ ഇവ കാറ്റത്ത് കൂട്ടിമുട്ടുന്നത് ഒഴിവാക്കാൻ ക്രമീകരണം നടത്തിയിരുന്നു. പക്ഷികൾക്ക് ജീവഹാനി ഉണ്ടായത് പരിശോധിച്ച് അപകടം ഒഴിവാക്കാൻ കെ.എസ്.ഇ.ബി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.