കാസർകോടുകാർക്കാണ് വന്ദേഭാരത് എത്തിയതോടെ കോളടിച്ചത്: കണ്ണൂരുകാരുടെ പ്രിയപ്പെട്ട നഗരത്തെ പിന്നിലാക്കി

Monday 06 May 2024 9:57 AM IST

കാഞ്ഞങ്ങാട്: വന്ദേഭാരത് യാത്രതുടങ്ങിയതോടെ കാസർകോട് റെയിൽവേ സ്റ്റേഷൻ വരുമാനത്തിൽ വർദ്ധന. നിലവിൽ തലശ്ശേരി സ്റ്റേഷനിൽ പിറകിലാക്കിയിരിക്കുകയാണ് കാസർകോട്. 24.03 ലക്ഷം യാത്രക്കാരാണ് കഴിഞ്ഞ വർഷം കാസർകോട് സ്റ്റേഷനെ ആശ്രയിച്ചത്.

ദക്ഷിണ റെയിൽവേയിൽ മികച്ച വരുമാനമുണ്ടാക്കിയ റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ കാസർകോട് 33-ാം സ്ഥാനത്തും കാഞ്ഞങ്ങാട് 58-ാം സ്ഥാനത്തുമാണ്. സംസ്ഥാനത്ത് കാസർകോട് 15-ാമതും കാഞ്ഞങ്ങാട് 25-ാമതുമാണ്.

വടക്കേ മലബാറിന് അർഹിക്കുന്ന പരി​ഗണന തരാതിരുന്നിട്ടും പാലക്കാട് റെയിൽവേ ഡിവിഷൻ വരുമാനത്തിൽ കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം പാസഞ്ചർ ട്രെയിൻ ഓപ്പറേഷനിലും ചരക്ക് ​ഗതാ​ഗത രംഗത്തുമെല്ലാം വളർച്ച നേടി. പാസഞ്ചർ ട്രെയിനുകളിൽ നിന്നായി 964.19 കോടി രൂപയുടെ വരുമാനവും പ്രത്യേക ട്രെയിനുകൾ, ഷൂട്ടിംഗ് സ്പെഷ്യലുകൾ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ എന്നിവയിൽ നിന്നായി 65.96 കോടി രൂപയും കൽക്കരി, സിമന്റ്, വളം, അരി, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള ചരക്ക് ഗതാഗതം കൈകാര്യം ചെയ്തതിലൂടെ 481.36 കോടി രൂപയുമാണ് ലഭിച്ചത്. പാഴ്‌സൽ സേവനങ്ങൾ, പരസ്യംചെയ്യൽ, പാർക്കിംഗ് ഫീസ്, റെയിൽവേ വസ്‌തുക്കളുടെ പാട്ടത്തിനെടുക്കൽ എന്നിവയിലൂടെ 64.66 കോടിയും ലഭിച്ചു. ഈ വരുമാനം ഉപയോ​ഗിച്ച് അടിസ്ഥാന സൗകര്യ രം​ഗത്തെ പുരോ​ഗതിയാണ് ലക്ഷ്യമിടുന്നതെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ അരുൺ കുമാർ ചതുർവേദി പറഞ്ഞു.


വരുമാന വർദ്ധന (ബ്രാക്കറ്റിൽ കഴിഞ്ഞവർഷം)

കാസർകോട് 47 കോടി (33.59)

കാഞ്ഞങ്ങാട് 18.23 കോടി (16.75)

Advertisement
Advertisement