കടലിൽ വച്ച് ഇറാനിയൻ ബോട്ട് വളഞ്ഞ് ഇന്ത്യൻ കോസ്റ്റ്‌ഗാർഡ്; വീഡിയോ

Monday 06 May 2024 8:17 PM IST

കൊച്ചി: കോഴിക്കോട് കൊയിലാണ്ടിക്ക് സമീപം തമിഴ്‌നാട് സ്വദേശികളുമായി കണ്ടെത്തിയ ഇറാനിയൻ ബോട്ടിനെ കോസ്റ്റ്‌ ഗാർഡ് കപ്പൽ തട‌ഞ്ഞതിന്റെ വീഡിയോ പുറത്ത്. കോസ്റ്റ്ഗാർഡിന്റെ ഔദ്യോഗിക സമൂഹമാദ്ധ്യമ പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ബോട്ടിന് ചുറ്റും കോസ്റ്റ്ഗാർഡ് കപ്പൽ വലംവയ്ക്കുന്നത് വീഡിയോയിൽ കാണാം.

ഇന്നലെ ഉച്ചയോടെയാണ് കൊയിലാണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ ബോട്ട് കണ്ടെത്തിയത്. കോസ്റ്റ്ഗാർഡിന്റെ ഐസിജെഎസ് അഭിനവ് എന്ന കപ്പലാണ് ബോട്ടും അതിലുണ്ടായിരുന്നവരെയും കസ്റ്റഡിയിലെടുത്തത്. ആറ് കന്യാകുമാരി സ്വദേശികളായ മത്സ്യ തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇറാനിൽ മത്സ്യബന്ധനത്തിന് പോയവരാണിവർ. ആറു പേരും കഴിഞ്ഞ വർഷം മാ‍‍‍ർച്ച് 26നാണ് ഇവർ ഇറാനിൽ മത്സ്യബന്ധനത്തിനായി പോയത്. സയ്യദ് സൗദ് ജാബരി എന്നയാളായിരുന്നു ഇവരുടെ സ്പോൺസർ. എന്നാൽ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഒരു ബോട്ട് സംഘടിപ്പിച്ച് തിരികെ പോന്നു.

ഇന്ത്യൻ സമുദ്ര അതിർത്തിയിൽ വച്ച് ഇന്ധനം തീർന്നപ്പോൾ ഇവർ വിവരം തമിഴ്നാട് മത്സ്യത്തൊഴിലാളി അസോസിയേഷനെ അറിയിച്ചു. അസോസിയേഷൻ ഭാരവാഹികൾ സംസ്ഥാന സർക്കാരിനെയും തുടർന്ന് കോസ്റ്റ്ഗാർഡിനെയും അറിയിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ വിവരം നൽകിയതിനെ തുടർന്ന് കോസ്റ്റ്‌ഗാർഡ് കേസെടുത്തിട്ടില്ല. ഉരു കൊച്ചിയിൽ എത്തിച്ച് വിശദ പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും സംഘത്തെ വിധേയമാക്കി.