കൊടും ചൂടിനെ കരുതലോടെ നേരിടാൻ കാസർകോട് ജില്ല

Tuesday 07 May 2024 12:11 AM IST
സൂര്യാഘാതം...

കാസർകോട്: കൊടും ചൂടിനെ കരുതലോടെ നേരിടാൻ കാസർകോട് ജില്ല. വേനലിനെ അതിജീവിക്കാൻ ജില്ലാ കളക്ടർ കെ. ഇമ്പശേഖറിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമഗ്രമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ദുരന്ത നിവാരണ വകുപ്പാണ് ജില്ലയിലെ പ്രവർത്തനങ്ങൾ ഏപോപിപ്പിക്കുന്നത്. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിക്കുന്നതിന് ജി.പി.എസ് സംവിധാനം പ്രവർത്തിക്കുന്നു. പഞ്ചായത്ത് സെക്രട്ടറിമാർ കൃത്യമായ വിവരശേഖരണവും പരിശോധനയും നടത്തുകയും ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ യഥാസമയം ജില്ലാ കളക്ടറെ അറിയിക്കുകയും ചെയ്യും. ടാങ്കർ വഴി കുടിവെള്ളം വിതരണം ചെയ്യുന്ന പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ശേഖരിക്കും. ഒന്നിടവിട്ട ദിവസങ്ങളിലും ആഴ്ചയിൽ രണ്ടും മൂന്നും പ്രാവശ്യവുമെല്ലാം കുടിവെള്ളത്തിന്റെ ആവശ്യകത അനുസരിച്ച് പൊതുജനങ്ങൾക്ക് നൽകി വരുന്നുണ്ട്.


ചെറുക്കാം... സൂര്യാഘാതം...

1.തൊഴിലുടമകൾ, ഫാക്ടറി മാനേജർമാർ, ഔട്ട്‌സോഴ്സ് തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, പൊതുമരാമത്ത് വകുപ്പ് തൊഴിലാളികൾ, പൊതുമരാമത്ത് വകുപ്പ് സൂപ്പർവൈസർമാർ, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ, മറ്റ് ഫീൽഡ് ലെവൽ ഉദ്യോഗസ്ഥർ എന്നിവർക്ക് സൂര്യാഘാതം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും അവ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു.

2.സൂര്യപ്രകാശം ഏൽക്കാൻ സാധ്യതയുള്ള തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ വിശ്രമിക്കാൻ സമയം പുനഃക്രമീകരിച്ചു. 15 വരെ പുനഃക്രമീകരിച്ച തൊഴിൽ സമയം തുടരും. നിർമ്മാണ സ്ഥലങ്ങളിലും മറ്റ് ജോലിസ്ഥലങ്ങളിലും കുടിവെള്ളം, അടിയന്തര മരുന്നുകൾ, ഒ.ആർ.എസ്, വിശ്രമ സൗകര്യങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കി.

3.വിവിധ ഭാഷകളിൽ തൊഴിലാളികൾക്കായി പ്രത്യേക ബ്രോഷറുകൾ, അറിയിപ്പുകൾ, പോസ്റ്ററുകൾ മുതലായവ തയ്യാറാക്കി വിതരണം ചെയ്തു. കാർഷിക ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരെ സൂര്യാഘാതവും ബാധിക്കാനുള്ള സാധ്യത കൂടുതലായതിനാൽ കൃഷി വകുപ്പ് കർഷകരെയും കർഷക തൊഴിലാളികളെയും ബോധവത്കരിക്കുന്നു.

കുടിവെള്ള പ്രശ്നമുണ്ടോ... വിളിക്കാം

0499 4257700 9446601700

Advertisement
Advertisement