കോടതി​ പറഞ്ഞി​ട്ടും  കി​റ്റ് കമ്മി​ഷൻ കി​ട്ടാതെ  റേഷൻ വ്യാപാരികൾ

Tuesday 07 May 2024 1:18 AM IST

കൊച്ചി: സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും കൊവിഡ് കാലത്തെ കിറ്റ് കമ്മിഷൻ ലഭിക്കാതെ റേഷൻ വ്യാപാരികൾ. വർഷങ്ങളുടെ നിയമപോരാട്ടത്തി​നൊടുവിലാണ് കമ്മിഷൻ നൽകാൻ ഹൈക്കോടതിയും സുപ്രീംകോടതിയും ഉത്തരവായത്. ഇനി കോടതി യലക്ഷ്യക്കേസ് നൽകാനുള്ള തയ്യാറെടുപ്പിലാണ് വ്യാപാരികൾ.

13 മാസമാണ് കിറ്റ് വിതരണം ചെയ്തത്. സേവനമായി കാണണമെന്നായിരുന്നു സർക്കാർ വാദം. സമരം ചെയ്തപ്പോൾ മൂന്ന് മാസത്തെ തുക കിട്ടി. കേസിൽ കക്ഷി ചേർന്ന ആറ് വ്യാപാരികൾക്ക് മാത്രം സർക്കാർ കമ്മിഷൻ നൽകി.

45 കോടിയോളം രൂപ കിറ്റ് ഇനത്തിൽ വ്യാപാരികൾക്ക് ലഭിക്കാനുണ്ട്. കൊവിഡ് കിറ്റ് വിതരണം ചെയ്ത മുഴുവൻ റേഷൻ വ്യാപാരികൾക്കും കമ്മിഷൻ നൽകാൻ ജനുവരി 18നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനായിരുന്നു നിർദ്ദേശം.

രണ്ടുമാസത്തെ കമ്മിഷൻ എവിടെ?

കൊവിഡ് കിറ്റ് വിതരണത്തിന്റെ ഫണ്ട് ലഭിക്കാനുള്ളപ്പോൾ തന്നെ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റേഷൻ വിതരണം ചെയ്തതിന്റെ ഫണ്ടും സർക്കാർ നൽകിയിട്ടില്ല. 54 ലക്ഷം രൂപ വരുമിത്. പലതവണ സ‌‌ർക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഫണ്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടിയെന്ന് വ്യാപാരികൾ പറയുന്നു. മുമ്പ് 20ന് മുമ്പ് അതത് മാസത്തെ കമ്മിഷൻ ലഭിച്ചിരുന്നതാണ്. ഇപ്പോൾ എല്ലാ മാസവും കമ്മിഷൻ മുടങ്ങുന്നു.

സ്റ്റോക്ക് കൃത്യമാക്കണം

എൻ.എഫ്.എസ്.എ ഗോഡൗണിൽ നിന്ന് സ്റ്റോക്ക് എത്താത്തതും വ്യാപാരികളെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. എല്ലാമാസവും 15ന് മുമ്പായി എത്തേണ്ട സ്റ്റോക്ക് മാസം തീരാറാകുമ്പോഴാണ് എത്തുന്നത്. ഇതുമൂലം പലരും റേഷൻ വാങ്ങുന്നില്ല. സംസ്ഥാനത്ത് കഴിഞ്ഞ മാസം റേഷൻ വിതരണത്തിൽ മൂന്ന് ശതമാനം കുറവുണ്ടായി.

ലഭിക്കാനുള്ള കൊവിഡ് കിറ്റ് കമ്മിഷൻ - 45 കോടി

രണ്ടുമാസത്തെ റേഷൻ കമ്മിഷൻ - 54 ലക്ഷം

ആകെ റേഷൻ വ്യാപാരികൾ - 14167


കൊവിഡ് കിറ്റ് കമ്മിഷൻ, എൻ.എഫ്.എസ്.എ ഡിപ്പോകളിലെ അനാസ്ഥ എന്നിവയുമായി ബന്ധപ്പെട്ട് സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ 15ന് റേഷൻ വ്യാപാരികളുടെ സംയുക്ത യോഗം ചേരും. ഇതിനുശേഷം കാര്യങ്ങൾ തീരുമാനിക്കും.

-എൻ. ഷിജീർ

സംസ്ഥാന സെക്രട്ടറി

കേരള സ്റ്റേറ്റ് റീട്ടെയി​ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ

Advertisement
Advertisement