മുഖ്യമന്ത്രി ​ ഇന്തോനേഷ്യയിൽ, സിംഗപ്പൂർ വഴി യു.എ.ഇ

Tuesday 07 May 2024 4:00 AM IST

തിരുവനന്തപുരം: സ്വകാര്യ സന്ദർശനത്തിന് മുഖ്യമന്ത്രി പിണറായിവിജയൻ ഇന്നലെ ഇന്തോനേഷ്യയിലേക്ക് പോയി. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നു പുലർച്ചെ യാത്രതിരിച്ച അദ്ദേഹത്തോടൊപ്പം ഭാര്യ കമലയും ചെറുമകൻ ഇഷാനുമുണ്ട് . 16 ദിവസത്തെ യാത്രയെന്നാണ്സൂചന.

12ന് സിംഗപ്പൂരിലേക്ക് പോകും. 18വരെ അവിടെ തങ്ങും. 19ന് യു.എ.ഇയിൽ എത്തും.അവിടെ മകന്റെ കുടുംബത്തിനൊപ്പം തങ്ങും.

ഞായറാഴ്ചയാണ് കേന്ദ്രാനുമതി ലഭിച്ചത്. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണാവിജയനും നാല് ദിവസം മുമ്പ് ദുബായിലേക്ക് പോയിരുന്നു. ഇന്നലെ അവരും ഇന്തോനേഷ്യയിലെത്തി. 19 ദിവസത്തേക്കാണ് റിയാസിന് യാത്രാനുമതി. ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള യാത്ര എന്നാണ് കേന്ദ്രത്തെ അറിയിച്ചത്.

മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് രാജ് ഭവനെ അറിയിച്ചിട്ടില്ല. പോകുംമുമ്പ് ഗവർണറെ നേരിൽ കാണുന്ന പതിവുണ്ടായിരുന്നു. പിന്നീട് കത്ത് നൽകുന്ന രീതിയിലേക്ക് മാറി. ഇത്തവണ അതും ഉണ്ടായില്ല. കുറച്ചുദിവസത്തേക്ക് ഉണ്ടാവില്ല എന്നു മാത്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസ്ജീവനക്കാർക്ക് കിട്ടിയ അറിയിപ്പ്. മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പൊതുപരിപാടികൾ മാറ്റിവച്ചു.

2023 ജൂണിൽ മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സംഘം അമേരിക്കയിലും ക്യൂബയിലും പര്യടനം നടത്തിയിരുന്നു. സർക്കാരിന്റെ രണ്ടാംവാർഷികവുമായി ബന്ധപ്പെട്ട് ലോകകേരള സഭയുടെ പ്രവാസി സംഗമം ഉൾപ്പെടെ പരിപാടികളിലാണ് അന്ന് പങ്കെടുത്തത്.