കൊച്ചി പഴയ കൊച്ചിയല്ല

Tuesday 07 May 2024 4:32 AM IST

അനവധി കുറ്റകൃത്യങ്ങളാണ് കൊച്ചി നഗരത്തിൽ നിന്ന് അടുത്തിടെ കേരളമറിഞ്ഞത്. ലഹരിഹബ്ബെന്ന പേരുദോഷത്തിനൊപ്പം മെട്രോനഗരത്തിന്, ഇത്തരം കുറ്റകൃത്യങ്ങൾമൂലം വീണ്ടും തലകുനിക്കേണ്ടിവരികയാണ്. എന്തുകൊണ്ട് കൊച്ചിയിൽ ഇത്തരം കുറ്റകൃത്യങ്ങൾ കൂടുന്നു? കൊച്ചിയുടെ പേരിന് കളങ്കം വീണതെങ്ങനെ? വളരുന്ന കൊച്ചിയിൽ മാറുന്ന കുറ്റകൃത്യങ്ങളും ഇതിന്റെ കാരണങ്ങളും തേടുകയാണ് 'കൊച്ചിയുടെ കുറ്റപത്രം" എന്ന വാർത്താപരമ്പര.

--------------------------------------------------------------------

കൊച്ചി: കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് കൊച്ചിയിൽ കുറച്ചുകാലമായി സംഭവിക്കുന്നത്. അതിൽ അവസാനത്തേതാണ് ആരുമറിയാതെ വീട്ടിൽ പ്രസവിച്ച് കുഞ്ഞിനെ കൊന്ന് റോഡിലേക്ക് എറിഞ്ഞതും കഴിഞ്ഞ ദിവസം ഹോസ്റ്റൽ മുറിയിലെ ടോയ്ലെറ്റിൽ മറ്റൊരു പെൺകുട്ടി പ്രസവിച്ചതും. കൊലപാതകങ്ങളും അടിക്കടി ഉണ്ടാകുന്നുണ്ട്.

 വളരുന്നു കൊച്ചി, മാറുന്ന കുറ്റകൃത്യങ്ങൾ
അഭയം തേടിയെത്തുന്നവരെ ഇരുകൈയുംനീട്ടി സ്വീകരിച്ച പാരമ്പര്യമാണ് കൊച്ചിക്കുള്ളത്. ഇന്ന് കാണുന്ന വളർച്ചയുടെ അടിത്തറയും ഇതുതന്നെ. രാജ്യത്ത് വാണിജ്യനഗരങ്ങളുടെ വളർച്ച ശരവേഗത്തിലായപ്പോൾ ഇന്ത്യയുടെ 'ഗേറ്റ്‌വേ"യായ മുംബയെ പോലെ കൊച്ചിയും കുതിച്ചു. വികസനത്തിന്റെ നിഴലായി ക്ഷണിക്കപ്പെടാതെ ചെറുതും വലുതുമായ അധോലോകങ്ങളും കടന്നുവന്നു.

തുറമുഖവും എയർപോർട്ടുകളും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളും. മുംബയ് പോലെ കാലങ്ങളായി തൊഴിൽ ഹബ്ബാണ് കൊച്ചി. തമ്പടിക്കുന്ന കോർപറേറ്റ് കമ്പനികൾ, സിനിമാവ്യവസായം, ഫാഷൻ ബിസിനസിന്റെ മാസ്മര ലോകം, റിയൽ എസ്റ്റേറ്റ്, ബിൽഡേഴ്സ് സംഘങ്ങളുടെ വിളനിലം, വൻകിട മാളുകൾ, കച്ചവടത്തെരുവുകൾ, മോഡേൺ ആർട്ട് കഫേകൾ, ഉല്ലാസകേന്ദ്രങ്ങൾ, പഞ്ചനക്ഷത്ര പബ്ബുകൾ, ഏറ്റവുമധികം അന്യസംസ്ഥാന തൊഴിലാളികൾ ജോലിചെയ്യുന്ന സംസ്ഥാനത്തിനകത്തും പുറത്തുനിന്നും കൊച്ചിയിലേക്കുള്ള ആളുകളുടെ പ്രവാഹത്തിന് വഴിതുറന്നു. ഐ.ടി സ്ഥാപനങ്ങളുടെ അസമയത്തെ ജോലിയും ഉയർന്ന ശമ്പളവും ലിവിംഗ് ടുഗദറും ആവശ്യത്തിലേറെ സ്വാതന്ത്ര്യവും യുവാക്കളെ പ്രലോഭനങ്ങളിലേക്ക് എളുപ്പം വീഴ്‌ത്തുകയും ചെയ്യുന്നുണ്ട്.

മയക്കുമരുന്ന് മാഫിയയാണ് കൊച്ചിയുടെ തലവേദന. അടുത്തിടെ രജിസ്റ്റർ ചെയ്ത കേസുകളിൽ പിടിക്കപ്പെട്ടവരെല്ലാം ലഹരി മാഫിയകളുടെ ഇരകളാണ്. ഏറ്റവും പുതിയ സിന്തറ്റിക് മയക്കുമരുന്നുകൾ ഇവിടെ സുലഭമാണ്. വിദേശികളും യുവതികളും കാരിയർമാരായി അവതരിക്കുന്നു. ലഹരി നൽകിയുള്ള ലൈംഗികചൂഷണങ്ങളും നിരവധി. പ്രശസ്ത വിദേശ ഡി.ജെകൾ വരെ പങ്കെടുക്കുന്ന പാർട്ടികൾ നിത്യമെന്നോണം കൊച്ചിയിലെ ഹോട്ടലുകളിൽ നടക്കുന്നുണ്ട്.

ഗർഭമലസിപ്പിക്കൽ കേസുകളും തുടരെ നടക്കുന്നു. പുറംലോകം അറിയുന്നില്ലെന്നു മാത്രം. ഡിജിറ്റൽ യുഗത്തിൽ മനുഷ്യബന്ധങ്ങളിലെ അകൽച്ചയും നഗരജീവിതത്തിലെ ഒരുവിഷയമാണ്.

 ലഹരിമാഫിയ അഥവാ പഴയ ക്വട്ടേഷൻ സംഘം

കൊച്ചിയിലെ ക്വട്ടേഷൻ സംഘങ്ങൾക്ക് ഇപ്പോൾ വെട്ടിനും കുത്തിനുമെക്കാൾ താത്പര്യം ലഹരി ഇടപാടുകളിലാണ്. ഇതിലൂടെ കൈനിറയെ കാശാണ്. പ്രബലമായ നാല് ലഹരിമാഫിയകളാണ് കൊച്ചിയിൽ ഇടപാട് നിയന്ത്രിക്കുന്നത്. ഒതുക്കാൻ പൊലീസ് പലയടവുകളും പയറ്റിയെങ്കിലും വേരറുക്കാൻ കഴിഞ്ഞിട്ടില്ല.

മാനസികാരോഗ്യത്തിന് ആരും കാര്യമായ പ്രാധാന്യം നൽകുന്നില്ല. മയക്കുമരുന്നും മദ്യത്തിന്റെ ഉപയോഗവും കൂടിയാകുമ്പോൾ യുവാക്കളുടെ ചിന്താരീതി തന്നെ മാറിപ്പോകും. യുവാക്കളായ കുറ്റവാളികളിൽ ബഹുഭൂരിഭാഗവും ഇത്തരം അവസ്ഥയിലൂടെ കടന്നുവരുന്നവരാണ്. മുതിർന്നവരും ഭരണകൂടവും വിശാലമായ കാഴ്ചപ്പാടോടെ യുവാക്കളെ കൈകാര്യം ചെയ്യണം.

ഡോ. എസ്.ഡി. സിംഗ്

മാനസികാരോഗ്യ വിദഗ്‌ദ്ധൻ

നാളെ -കുടിയേറുന്ന കുറ്റകൃത്യം

Advertisement
Advertisement