സുകൃതം​ ​ പൂർണം

Tuesday 07 May 2024 4:37 AM IST

ഹരി​കുമാർ ഓർമ്മയായി​

തിരുവനന്തപുരം: കലാമൂല്യമുള്ള ഒരുപിടി ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സംഭാവനചെയ്ത പ്രമുഖ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ (70) അന്തരിച്ചു. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൈകിട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം.

ഇടപ്പഴഞ്ഞി ശ്രീചിത്രാ നഗറിലെ സുകൃതം വീട്ടിൽ എത്തിച്ച ഭൗതികശരീരം ഇന്നുച്ചയ്ക്ക് 12.30ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് 2.30ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം. മൂന്നുവർഷം മുമ്പായിരുന്നു ഭാര്യ എം.ചന്ദ്രികയുടെ വിയോഗം. മക്കൾ: അമ്മു (ടാറ്റാ കൺസൾട്ടൻസി, തിരുവനന്തപുരം), ഗീതാഞ്ജലി (അസോസിയേറ്റ് ഡയറക്ടർ). മരുമകൻ: അരവിന്ദ് (മുത്തൂറ്റ് ഹോണ്ട, കൊല്ലം).

കല്ലറ പാങ്ങോട് കാഞ്ചിനട രാമകൃഷ്ണപിള്ളയുടെയും അമ്മുക്കുട്ടിഅമ്മയുടെയും മകനാണ്. എൻജിനിയറിംഗ് ബിരുദം നേടിയശേഷം കൊല്ലം നഗരസഭയിൽ എൻജിനിയറായി ജോലി ചെയ്തിരുന്നു. അതിനുമുമ്പ് കുറച്ചുകാലം ചലച്ചിത്ര പത്രപ്രവർത്തകനായിരുന്നു.

സിനിമയോടുള്ള പ്രണയംമൂലം എൻജിനിയറിംഗ് ജോലി രാജിവച്ചു.

1981ൽ ആമ്പൽപ്പൂവ് എന്ന ചിത്രം സംവിധാനം ചെയ്താണ് തുടക്കം. 1994ൽ എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്ത 'സുകൃതം' ഏറ്റവും മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടി. 2005, 2008ൽ ദേശീയ പുരസ്കാര ജൂറിയിൽ അംഗമായിരുന്നു. ഒരു സ്വകാര്യം, അയനം, പുലി വരുന്നേപുലി, ജാലകം, ഊഴം, എഴുന്നള്ളത്ത്, സുകൃതം,ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ.

ഏഴുവയസിനുള്ളിൽ 25,000ത്തോളം ചിത്രങ്ങൾ വരച്ച, അകാലത്തിൽ വിടപറഞ്ഞ എഡ്മണ്ട് തോമസ് ക്ളിന്റ് എന്ന കുരുന്നുപ്രതിഭയുടെ ജീവിതത്തെ ആസ്പദമാക്കി 2017ൽ ക്ളിന്റ് എന്ന ചിത്രവുമൊരുക്കി. 2022ൽ പുറത്തിറങ്ങിയ എം.മുകുന്ദന്റെ കഥയെ ആസ്പദമാക്കിയുള്ള ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ആണ് അവസാനത്തെ ചിത്രം.

18 ചിത്രങ്ങൾ സംവിധാനം ചെയ്തു. 18-ാമത് ചിത്രം 'ജ്വാലാമുഖി' നിർമ്മാണജോലികൾ പൂർത്തിയായെങ്കിലും പുറത്തിറങ്ങിയിട്ടില്ല. മകൾ ഗീതാഞ്ജലിയാണ് ഇതിന്റെ തിരക്കഥാ രചനയിലും സംവിധാനത്തിലും സഹായിയായത്. ഒമ്പത് ചിത്രങ്ങളുടെ തിരക്കഥ രചനയിലും പങ്കാളിയായിരുന്നു.

Advertisement
Advertisement