പദ്ധതി നിർവഹണം രാഷ്ട്രീയ താത്പ്പര്യത്തിലൂന്നിയെന്ന് ആരോപണം ജില്ലാ പഞ്ചായത്ത് യോഗത്തിൽ ബഹളം

Tuesday 07 May 2024 12:44 AM IST
jilla

കോഴിക്കോട്: രാഷ്ട്രീയ താത്പര്യങ്ങളോടെയാണ് പദ്ധതി നിർവഹണം നടത്തുന്നതെന്ന യു.ഡി.എഫ് അംഗങ്ങളുടെ പരാമർശത്തെത്തുടർന്ന് ജില്ലാ പഞ്ചായത്ത് യോഗത്തിൽ ബഹളം. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സി.പി.എം നേതൃത്വത്തിലുള്ള കക്കോടി ഖാദി സൊസൈറ്റിക്ക് എഴുപത്തിയഞ്ച് ലക്ഷം രൂപ ബഹുവർഷ പദ്ധതിയായി വകയിരുത്തിയത് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണെന്ന് യോഗത്തിൽ യു.ഡി.എഫ് അംഗങ്ങൾ ഉന്നയിച്ചതാണ് ബഹളത്തിന് തുടക്കമിട്ടത്. ബഹളം രൂക്ഷമായതോടെ എല്ലാ അജണ്ടകളും പാസായെന്നും യോഗം പിരിച്ചുവിടുകയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രഖ്യാപിച്ചു.

സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള കക്കോടി ഖാദി സൊസൈറ്റിക്ക് 15 ലക്ഷം രൂപ മാത്രമേ അനുവദിക്കാവൂ എന്ന നിയമം നിലനിൽക്കെയാണ് എല്ലാം മറികടന്ന് 75 ലക്ഷം രൂപ വകയിരുത്തി ടെൻഡർ ചെയ്യുകയും, പ്രവൃത്തി ഉദ്ഘാടനം നടത്തുകയും ചെയ്തത്. ഇതിനിടയിൽ ഓഡിറ്റ് ഒബ്ജക്ഷൻ വരികയും ചെയ്തു. കരാറുകാരൻ നിയമ നടപടി സ്വീകരിക്കുമെന്നായപ്പോൾ ജില്ലാ പഞ്ചായത്ത് കോ ഓർഡിനേഷൻ കമ്മിറ്റിക്ക് പരാതി നൽകിയെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല. ഖാദി ബോർഡിന്റെ കീഴിലുള്ള സ്ഥാപനമാണെന്ന് തെറ്റിദ്ധരിച്ചാണ് പണം വകയിരുത്തിയതെന്നും അല്ലെന്ന് മനസിലായതോടെ 15 ലക്ഷം രൂപ മാത്രമാണ് പാസാക്കിയതെന്നും 35 ലക്ഷം രൂപ നൽകാമോ എന്ന് സർക്കാരിനോട് അനുമതി ചോദിച്ചിരിക്കുകയാണെന്നും പ്രസിഡന്റ് ഷീജ ശശി വ്യക്തമാക്കി. തുടർന്ന് പുറത്തേക്കിറങ്ങിയ സെക്രട്ടറി ബിനു സി. കുഞ്ഞപ്പനെ പ്രതിപക്ഷാംഗങ്ങളായ ഐ.പി രാജേഷും ധനീഷ് ലാലും ചേർന്ന് തടഞ്ഞു.

ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഭരണത്തിന്റെ ദുഷ്‌ചെയ്തികളെ വിമർശിച്ചു എന്നതിന്റെ പേരിൽ ജനപ്രതിനിധികളെ കായികമായി നേരിടുന്ന പ്രാകൃതരീതിയെ ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം അപലപിച്ചു .ഭരണസമിതി യോഗം അലങ്കോലപ്പെടുത്തുകയും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ കൈയേറ്റം ചെയ്യുകയും ചെയ്ത യു.ഡി.എഫ് നടപടി പ്രതിഷേധാർഹമാണെന്ന് എൽ.ഡി.എഫ്ജില്ലാ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

Advertisement
Advertisement