അതിജീവിതയ്ക്ക് ഐ.ജിയുടെ ഉറപ്പ് ഐ.സി.യു പീഡനക്കേസിൽ പുനരന്വേഷണമുണ്ടാകും

Tuesday 07 May 2024 12:46 AM IST
athijeevitha

കോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിൽ, വൈദ്യപരിശോധന നടത്തിയ ഡോ. കെ വി പ്രീതിക്കെതിരെ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖല ഐ.ജി സേതുരാമന് കത്ത് നൽകി. ഇക്കാര്യത്തിൽ എ.സി.പി. യുടെ നേതൃത്വത്തിൽ വനിത സി.ഐ ഉൾപ്പെട്ട സംഘം കേസ് അന്വേഷിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ ഉണ്ടാകുമെന്നും ഐ.ജി സേതുരാമൻ അതിജീവിതയ്ക്ക് ഉറപ്പുനൽകി.

അതിജീവിതയെ പരിശോധിച്ച ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതിക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ട്‌ പരിശോധിച്ച ശേഷമാണ് പ്രീതിക്കെതിരെ വീണ്ടും പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത രംഗത്തെത്തിയത്. വൈദ്യ പരിശോധന നടത്തിയ ഡോക്ടർ താൻ പറഞ്ഞകാര്യങ്ങൾ പൂർണമായും രേഖപ്പെടുത്തിയില്ലെന്നും അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പിൽ ഇതുവരെ ഇല്ലാത്ത ജൂനിയർ ഡോക്ടറുടെ പേരും മൊഴിയും ഉൾപ്പെടുത്തിയെന്നുമാണ് അതിജീവിതയുടെ പരാതി. തുടരന്വേഷണത്തിനുള്ള ഉത്തരവ് ഇറങ്ങിയാൽ പുതിയ സംഘം ഡോക്ടറുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തും.

ഡോ.കെ.വി പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് അതിജീവിത കോഴിക്കോട് കമ്മിഷണർ ഓഫീസിന് മുന്നിൽ 12 ദിവസത്തോളം സമരമിരുന്ന ശേഷമാണ് റിപ്പോർട്ടിന്റെ പകർപ്പ് നൽകിയത്. മെഡിക്കൽ കോളേജ് അസി. കമ്മിഷണറായിരുന്ന കെ. സുദർശനാണ് പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്. എന്നാൽ പൊലീസ് അന്വേഷണ റിപ്പോർട്ടിൽ ചിലരെ സംരക്ഷിക്കാനാനുള്ള ശ്രമങ്ങളാണ് നടന്നതെന്നാണ് അതിജീവിത ആരോപിക്കുന്നത്. പകർപ്പിൽ ഇതുവരെ ഇല്ലാത്ത ജൂനിയർ ഡോക്ടറുടെ പേരും മൊഴിയും ഉൾപ്പെടുത്തി. വൈദ്യ പരിശോധനാ സമയത്ത് ഡോ. കെ.വി. പ്രീതിക്കൊപ്പം ജൂനിയർ ഡോക്ടർമാർ ആരും ഉണ്ടായിരുന്നില്ല. പ്രീതിക്കെതിരെ ശരിയായ രീതിയിൽ അന്വേഷണം നടന്നില്ലെന്നും അതിജീവിത ആരോപിച്ചു. മാത്രമല്ല, അതിജീവിതയ്ക്ക് പെൽവിക് പരിശോധന നടത്തിയതായും ജൂനിയർ ഡോക്ടർ മൊഴിനൽകിയിട്ടുണ്ട്. തനിക്ക് ഇത്തരത്തിലുള്ള ഒരു പരിശോധനയും നടത്തിയിട്ടില്ലെന്ന് അതിജീവിത വ്യക്തമാക്കി.

Advertisement
Advertisement