വേനൽ കത്തുന്നു വാടിത്തളർന്ന് ടൂറിസം

Tuesday 07 May 2024 12:51 AM IST
tourism

കോഴിക്കോട്: വേനൽച്ചൂടിൽ വാടിത്തളർന്ന് ജില്ലയിലെ ടൂറിസം മേഖല. ചൂട് കൂടിയതോടെ അവധിക്കാലമാണെങ്കിൽ കൂടി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ വരവ് പേരിനുമാത്രമായി. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ രാവിലെ മുതൽ ഉച്ചവരെ എത്തുന്നത് വിരലിലെണ്ണാവുന്നവർ മാത്രമാണ്. വൈകുന്നേരം മാത്രമാണ് അൽപ്പമെങ്കിലും സന്ദർശകരെത്തുന്നത്.

കൊടുംചൂടിൽ നിന്ന് ആശ്വാസം തേടി മലമുകളിലെ മഞ്ഞും കാഴ്ചകളും തേടിയെത്തുന്നവരുടെ എണ്ണവും കുറഞ്ഞു. ചൂട് കൂടിയതോടെ ഹരിതാഭമായ മലമുകളെല്ലാം ഇല്ലാതായി തീപിടിത്ത ഭീഷണിയിലാണ്.

@ സഞ്ചാരികൾ കുറയുന്നു

കഴിഞ്ഞ ഏപ്രിലിൽ 119250 പേരാണ് ജില്ലയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെത്തിയത്. എന്നാൽ ഇത്തവണ 88300 പേർ മാത്രമാണ് എത്തിയത്.

ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വടകര സാന്റ്ബാങ്ക് ബീച്ചിലും, സരോവരം ബയോപാർക്കിലും കക്കയത്തും, പെരുവണ്ണാമൂഴിയിലും , ജാനകിക്കാടും, വയലടയിലുമെല്ലാം സന്ദർശകരുടെ എണ്ണത്തിൽ ഭീമമായ കുറവാണുള്ളത്. വടകര സാന്റ്ബാങ്ക്സിൽ 28000 പേരാണ് കഴിഞ്ഞ ഏപ്രിലിൽ എത്തിയതെങ്കിൽ ഇത്തവണ 27500 ആയി കുറഞ്ഞു. സരോവരത്ത് 28200 പേർ എത്തിയപ്പോൾ ഇത്തവണ 27200 പേരാണ് എത്തിയത്. 1000 പേരുടെ കുറവ്.പച്ചപുതച്ച് സഞ്ചാരികളെ മാടിവിളിച്ചിരുന്ന കരിയാത്തുംപാറയിൽ കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലെത്തിയ മൂന്നിലൊന്ന് സഞ്ചാരികൾപോലും ഇത്തവണയെത്തിയിട്ടില്ല. പെരുവണ്ണാമൂഴി റിസർവോയറിൽ ജലനിരപ്പ് കുറഞ്ഞതോടെ പുഴ നീർച്ചാലായി മാറി. തുഷാരഗിരിയിൽ സഞ്ചാരികളെ ഏറ്റവുംകൂടുതൽ ആകർഷിച്ചിരുന്ന ഈരാറ്റുമുക്ക് വെള്ളച്ചാട്ടവും ചെറുതടാകത്തിലെ കുളിയും നീരൊഴുക്ക് കുറഞ്ഞതോടെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതല്ലാതായി മാറി. ഏപ്രിലിൽമാത്രം 2000 സഞ്ചാരികളുടെ കുറവാണുണ്ടായത്. 2023 ഏപ്രിലിൽ 17,000 പേരും 2024 ഏപ്രിലിൽ 15,000 പേരുമാണ് ഇവിടെത്തിയത്. വെള്ളച്ചാട്ടങ്ങളിൽ നീരൊഴുക്ക് കുറഞ്ഞതും അത്യുഷ്ണവുമാണ് സഞ്ചാരികളുടെ പിന്മാറ്റത്തിന് പ്രധാന കാരണം.

അതേ സമയം ജലലഭ്യതയുള്ള ഇടങ്ങളിൽ ആളുകൾ എത്തുന്നുണ്ട്. അരിപ്പാറ വെള്ളച്ചാട്ടം, കാപ്പാട് എന്നിവിടങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ ഉയർച്ചയുണ്ട്. 4000 പേരാണ് 2023 ഏപ്രിലിൽ അരിപ്പാറ വെള്ളച്ചാട്ടത്തിലെത്തിയതെങ്കിൽ ഇത്തവണ അത് 5600 ആയി ഉയർന്നിട്ടുണ്ട്. കാപ്പാട് 28000 പേരാണ് എത്തിയത്. 2023 ഏപ്രിലിൽ 26000 പേരാണ് എത്തിയിരുന്നത്. വിനോദ സഞ്ചാര മേഖലയിലേക്ക് ആളുകൾ എത്തുന്നത് കുറഞ്ഞതോടെ ടൂർ ഓപ്പറേറ്റർമാരും പ്രതിസന്ധിയിലാണ്.

'' ചൂട് ചൂടിയത് ടൂറിസം മേഖലയെ ബാധിച്ചിട്ടുണ്ട്. ആളുകൾ കുറയുന്നത് വരുമാനം കുറയാനിടയാക്കും. അതേസമയം ചൂടിൽ നിന്ന് രക്ഷ നേടാനായി വെെകുന്നേരങ്ങളിൽ ബീച്ചിലും മാനാഞ്ചിറയിലുമെല്ലാം ആളുകളെത്തുന്നുണ്ട് ''

നിഖിൽ,

സെക്രട്ടറി,

ഡി.ടി.പി.സി

Advertisement
Advertisement