മനുഷ്യ- വന്യജീവി സംഘർഷം: പ്രതിരോധിക്കാൻ ദുരന്ത നിവാരണ അതോറിട്ടിയും
തിരുവനന്തപുരം: മനുഷ്യ - വന്യജീവി സംഘർഷമുള്ള പ്രദേശങ്ങളിൽ സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുമായി ചേർന്ന് പ്രതിരോധ പ്രവർത്തനം നടത്തും. ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മാർഗരേഖ തയ്യാറാക്കും. വന്യജീവി സംഘർഷം ലഘൂകരിക്കാൻ രൂപീകരിച്ച അന്താരാഷ്ട്ര-ദേശീയ വിദഗ്ദ്ധരുടെ യോഗത്തിലാണ് തീരുമാനം.
വന്യമൃഗ സംഘർഷം രൂക്ഷമായ പത്തിടങ്ങളിൽ അനുയോജ്യമായ പ്രതിരോധ, നിവാരണ പ്രവർത്തനം നടപ്പാക്കും. ജീവികൾക്ക് ഉൾവനത്തിൽ കുടിവെള്ള ലഭ്യതയും ആവാസ വ്യവസ്ഥയും ഉറപ്പാക്കും. ജനവാസ മേഖലയിൽ വന്യജീവികളിറങ്ങുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകാൻ ഏർലി വാണിംഗ് സിസ്റ്റം ഏർപ്പെടുത്തുന്നതിന് ആധുനിക ഉപകരണങ്ങൾ സജ്ജമാക്കും.
ഓൺലൈൻ യോഗം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചീഫ് സെക്രട്ടറി ഡോ. വി. വേണു മുഖ്യപ്രഭാഷണം നടത്തി. അഡി. ചീഫ് സെക്രട്ടറി കെ.എസ്. ജ്യോതിലാൽ, വനംവകുപ്പ് മേധാവി ഗംഗാസിംഗ്, എ.പി.സി.സി.എഫ് ഡോ. പി. പുകഴേന്തി, കെ.എസ്.ഡി.എം.എ മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ്, വിദഗ്ദ്ധ സമിതി അംഗങ്ങളായ ബെന്നോ ബോയർ, ഡോ. ഷിജു സെബാസ്റ്റ്യൻ, ഡി. ഭൂമിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
ചെലവ് കുറഞ്ഞ പ്രതിരോധം
ഓരോ ജീവിക്കും വെവേറെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകൾ തയ്യാറാക്കും. ഇതിനായി മറ്റ് രാജ്യങ്ങളുടെയും സംസ്ഥാനങ്ങളുടെയും ചെലവ് ചുരുങ്ങിയതും ഫലപ്രദവുമായ പ്രതിരോധ മാർഗം മാതൃകയാക്കും. ഓരോ പ്രദേശത്തിനും അനുയോജ്യമായ പ്രശ്നപരിഹാരം നിർദ്ദേശിക്കുന്നതിന് വിദഗ്ദ്ധ സമിതി അംഗങ്ങളെ ഉൾപ്പെടുത്തി തുടർയോഗങ്ങളും ശില്പശാലകളും നടത്തും.