വീടിനകം തണുപ്പിക്കാൻ സ്കറിയ ടെക്നിക്,​ 800 രൂപ

Tuesday 07 May 2024 12:00 AM IST

തൃശൂർ: പൊള്ളുന്ന ചൂട് 77കാരനായ കുരിയച്ചിറ നെഹ്രു കോളനിയിലെ സി.ഡി.സ്‌കറിയയെ അലട്ടാറില്ല. ഓഫീസ്റൂമും കിടപ്പുമുറിയുമെല്ലാം എ.സിയില്ലാതെ കുളിർമ്മയുള്ളതാക്കാൻ സ്കറിയ ഒരു വിദ്യ കണ്ടെത്തി. ചെലവ് വെറും 800 രൂപയിൽ താഴെ.
നഴ്‌സറികളിൽ നിന്നും മറ്റും വാങ്ങാൻ കിട്ടുന്നതും വീട്ടിലെ വേസ്റ്റ് കൃത്യമായി നൽകുന്നവ‌ർക്ക് സൗജന്യമായി ലഭിക്കുന്നതുമായ ചകിരിച്ചോറും ടാർപോളിനും ഉപയോഗിച്ചുള്ള വിദ്യയാണിത്. കട്ടയായി വാങ്ങാൻകിട്ടുന്ന അഞ്ചു കിലോ ചകിരിച്ചോറിന് 130 രൂപ. ശരാശരി വലിപ്പമുള്ള ഒരു മുറിക്ക് ഇത്തരത്തിലുള്ള രണ്ടു കട്ട മതി.

ടെറസിന് മുകളിൽ ടാർപോളിൻ വിരിച്ച് അതിൽ നനച്ചുപൊടിച്ച ചകിരിച്ചോറ് അര ഇഞ്ച് കനത്തിൽ ഇടുക. അതിന് മുകളിൽ ടാർപോളിൻ വിരിക്കുക. ആഴ്ചയിലൊരിക്കൽ നന്നായി നനച്ചാൽ മതി. ഭാരത്തിന്റെ പത്തിരട്ടി വെള്ളം സംഭരിക്കുന്ന ചകിരിച്ചോറിൽ നിന്ന് മുറിയിലേക്ക് തണുപ്പിറങ്ങും. ഫാനിട്ടാൽ കുളിർമ്മയുള്ള കാറ്റ് കിട്ടും. പകൽ ജനലുകൾ അടച്ചിട്ട് മുറിയിലേക്ക് ചൂട് കയറാതെ ശ്രദ്ധിക്കണം. ചകിരിച്ചോർ വർഷങ്ങളോളം കേടാകില്ല. മഴക്കാലത്ത് മാറ്റേണ്ടതുമില്ല. ടാർപോളിനുള്ളതിനാൽ ടെറസിൽ ചകിരിച്ചോറിന്റെ കറയും നനവും പിടിക്കുകയുമില്ല. 20 കൊല്ലമായി തുടരുന്ന 'സ്‌കറിയ ടെക്‌നിക്' അനുകരിച്ചവരും നിരവധി. ഭാര്യ ഉഷയും മകൾ ഷെറിനും ഈ കുളിർവിദ്യയിൽ സന്തുഷ്ടരാണ്.

കുളിർവിദ്യയുടെ വഴി

ഫാർമസ്യൂട്ടിക്കൽ കമ്പനി നടത്തുകയായിരുന്ന സ്‌കറിയ മുമ്പൊരു കടുത്ത വേനലിലാണ് ചൂട് കുറയ്ക്കുന്നതിനെപ്പറ്റി ചിന്തിച്ചത്. തെങ്ങോലയും ചിരട്ടയും വയ്‌ക്കോലുമൊക്കെയിട്ടുള്ള പരീക്ഷണം ഫലിച്ചില്ല. വീടിന് സമീപം മാവ് നട്ട് ശിഖരങ്ങൾ മേൽക്കൂരയിലേക്ക് പടർത്താനുള്ള ശ്രമവും പരാജയപ്പെട്ടപ്പോഴാണ് ചകിരിച്ചോറിനെപ്പറ്റി കേട്ടറിഞ്ഞത്. ആ പരീക്ഷണം വിജയിച്ചു.

''10 ഡിഗ്രിയോളം ചൂടും വൈദ്യുതി ബില്ലും കുറയ്ക്കാനായി. ആർക്കും എളുപ്പത്തിൽ ചെയ്യാം.

-സ്‌കറിയ.

Advertisement
Advertisement