അരളിയിൽ പൂവിടുന്നത് അപായമോ ?

Tuesday 07 May 2024 12:11 AM IST

പത്തനംതിട്ട : അരളിപ്പൂവിൽ വിഷാംശമുണ്ടെന്ന അഭ്യൂഹം ശക്തമായതിനെ തുടർന്ന് ഉപയോഗം കുത്തനെ കുറഞ്ഞത് വിപണിയെ സാരമായി ബാധിച്ചു. നിത്യേന ടൺകണക്കിന് അരളിപ്പൂവാണ് തമിഴ്നാട്ടിലെ വിവിധ മാർക്കറ്റുകളിൽ നിന്ന് കേരളത്തിൽ എത്തിയിരുന്നത്. ഏതാനും ദിവസം മുൻപ് ഹരിപ്പാട് സ്വദേശിനി സൂര്യാസുരേന്ദ്രൻ മരണപ്പെട്ടത് അരളിപ്പൂവിന്റെ ഇതളുകൾ ഉള്ളിൽ ചെന്നാണെന്നുള്ള വിവരം പുറത്തുവന്നതോടെയാണ് പൂവിപണിയിലെ അപായമായി അരളി മാറിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയെങ്കിൽ മാത്രമേ ഇത് സ്ഥിരീകരിക്കാൻ സാധിക്കു. അരളിപ്പൂവിലും തണ്ടിലും മരണകാരണമായേക്കാവുന്ന വിഷാംശം ഉണ്ടെന്നുള്ള പ്രചാരണം പൂക്കളുടെ വിൽപ്പനയെ സാരമായി ബാധിച്ചു. തമിഴ്നാട്ടിലെ മാർക്കറ്റുകളിൽ ടൺ കണക്കിന് അരളിപ്പൂക്കളാണ് കെട്ടിക്കിടക്കുന്നത്.

കേരളത്തിൽ ശബരിമല ഉൾപ്പെടുന്ന മഹാക്ഷേത്രങ്ങളിലും മറ്റു ക്ഷേത്രങ്ങളിലും മാലകെട്ടുന്നതിനും പൂജയ്ക്കുമായി കൂടുതൽ ഉപയോഗിക്കുന്നത് അരളിപ്പൂവാണ്. റോസ് നിറത്തിലുള്ള അരളിപ്പൂക്കളാണ് സുലഭമെങ്കിലും വെള്ളയും കടുംചുവപ്പ് നിറത്തിലുള്ള പൂക്കളുമുണ്ട്. മറ്റ് പൂക്കളിൽ നിന്ന് വ്യത്യസ്തമായി പ്ളാസ്റ്റിക്ക് കവറുകളിലെത്തിക്കുന്ന അരളിപ്പൂക്കൾ പൊട്ടിച്ച് അതേപടി പൂജയ്ക്ക് ഉപയോഗിക്കാൻ കഴിയും. വിലക്കുറവും ലഭ്യതയുമാണ് അരളിപ്പൂക്കൾക്ക് പ്രിയമേറാൻ കാരണം.

തമിഴ്നാട്ടിൽ വ്യാപകം

സേലം, തോവാള, ശങ്കരൻകോവിൽ, കമ്പം, ഡിൻഡിഗൽ എന്നിവിടങ്ങളിൽ നിന്നാണ് അരളിപ്പൂക്കൾ കേരളത്തിൽ എത്തുന്നത്. തമിഴ്നാട് സർക്കാർ അരളി കർഷകർക്ക് വിവിധ സബ്സിഡികൾ നൽകുന്നുണ്ട്. കേരളത്തിൽ ആവശ്യക്കാർ കുറഞ്ഞതോടെ കർഷകർ പൂക്കൾ മാർക്കറ്റിൽ എത്തിക്കാനും മടിക്കുകയാണ്. അതേസമയം അരളിപ്പൂവിന് വിലയിൽ ഇതുവരെ കുറവ് വന്നിട്ടില്ല.

Advertisement
Advertisement