നൊന്തു പെറ്റതാണ്, മറക്കരുത്....!

Tuesday 07 May 2024 1:34 AM IST

തിരുവനന്തപുരം: 2023ജനുവരി 16ന് നവിമുംബയ് ഉണർന്നത് ഞെട്ടിക്കുന്ന ആ വാർത്തകേട്ടാണ്. ഫ്ലാറ്റിലെ ടോയ്‌ലറ്റിൽ പ്രസവിച്ച 19കാരി, ചോരക്കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് താഴേക്കെറിഞ്ഞു കൊന്നു. ബന്ധുവിൽ നിന്ന് ഗർഭിണിയായതിന്റെ മാനഹാനി മറയ്ക്കാനായിരുന്നു ആ ക്രൂരകൃത്യം. കഴിഞ്ഞദിവസം കൊച്ചി പനമ്പള്ളി നഗറിലുണ്ടായത് ഇതിന്റെ തനിയാവർത്തനമായിരുന്നു. സ്വന്തം ചോരക്കുഞ്ഞിനെ കൊന്ന് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് താഴേക്കെറി‌ഞ്ഞത് 23കാരിയായിരുന്നു. കാമുകനൊപ്പം ജീവിക്കാനും മാനഹാനി ഒഴിവാക്കാനും കൺമണികളുടെ ജീവനെടുക്കുന്നു. സാമ്പത്തിക പ്രശ്നവും പ്രസവാനന്തര വിഷാദവും മറ്റു കാരണങ്ങളാണ്.

കരിയിലക്കൂനയിലും കടൽപാറക്കെട്ടിലും

 കൊല്ലം കല്ലുവാതുക്കലിൽ പ്രസവിച്ചയുടൻ അമ്മ റബർതോട്ടത്തിലെ കരിയിലക്കൂനയിലുപേക്ഷിച്ച കുഞ്ഞ് മരിച്ചു.

 തിരുവനന്തപുരത്ത് പോത്തൻകോട്ട് 36ദിവസം മാത്രമായ ശ്രീദേവിനെ പെറ്റമ്മ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. വളർത്താൻ സാമ്പത്തികമില്ലെന്നതാണ് കാരണം.

 തിരുവല്ലയിൽ അവിവാഹിതയായ നീതു(20), മാനഹാനി ഭയന്ന് കുഞ്ഞിന്റെ മുഖത്ത് തുടർച്ചയായി വെള്ളമൊഴിച്ച് കൊലപ്പെടുത്തി.

 അഞ്ചുതെങ്ങിലെ ജൂലി കുഞ്ഞിനെ പ്രസവിച്ചയുടൻ വീടിനടുത്ത് കുഴിച്ചിട്ടു. കടപ്പുറത്ത് തെരുവുനായ്ക്കൾ കടിച്ചുവലിച്ച നിലയിലായിരുന്നു മൃതദേഹം.

 കൊച്ചി എളമക്കരയിൽ അമ്മയും സുഹൃത്തും ചേർന്ന് ഒന്നരമാസമായ കുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തി. കാരണം- ഒരുമിച്ചുള്ള ജീവിതത്തിന് തടസം !

 കണ്ണൂരിലെ ശരണ്യ ഒന്നരവയസുള്ള മകനെ കടലിലെറിഞ്ഞാണ് കൊലപ്പെടുത്തിയത്. ഭർത്താവിന്റെ കൂട്ടുകാരനൊപ്പം ജീവിക്കുകയായിരുന്നു ലക്ഷ്യം.

 കാസർകോട്ടെ അമ്മ നവജാതശിശുവിനെ കൊലപ്പെടുത്തിയത് കഴുത്തിൽ ഇയർഫോണിന്റെ വയർകുരുക്കി. കാരണം- ഭർത്താവിനോടുള്ള വൈരാഗ്യം.

 കുഞ്ഞ് തുടർച്ചയായി കരഞ്ഞതിൽ പ്രകോപിതയായാണ് ഹരിപ്പാട്ടെ ദീപ്തി 48ദിവസമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞത്.

 തേഞ്ഞിപ്പാലത്ത് മൂന്നരമാസമായ കുഞ്ഞിനെ അമ്മ അനീസ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

 ബദിയടുക്കയിൽ ഒന്നരവയസുകാരനെ അമ്മ കിണറ്റിലെറിയാൻ കാരണം കുടുംബവഴക്കായിരുന്നു. ഒന്നരമാസത്തിനു ശേഷം അമ്മ അറസ്റ്രിലായി.

 തൃശൂരിലെ അവിവാഹിതയായ 23കാരി പ്രസവിച്ചയുടൻ കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്നു.

 കുണ്ടറയിൽ മൂന്നരമാസമായ കുഞ്ഞിനെ അമ്മ ബക്കറ്റിൽ മുക്കികൊന്നു.

 9വയസുള്ള മകളെയും മാതാപിതാക്കളെയും വിഷംനൽകി കൊന്ന പിണറായിയിലെ സൗമ്യ ജയിലിൽ ജീവനൊടുക്കി.

'പ്രസവശേഷം ചിലരിൽ ഉറക്കമില്ലായ്മ, സങ്കടം, കുഞ്ഞ് മരിക്കുമെന്ന ചിന്ത എന്നിവയോടെ തീവ്രമായ വിഷാദമുണ്ടാവും. കുഞ്ഞ് അപകടകാരിയാണെന്ന ചിത്തഭ്രമം കാരണവും കുഞ്ഞിനെ ഇല്ലായ്മചെയ്ത സംഭവങ്ങളുണ്ട് ''.

-ഡോ.അരുൺ.ബി.നായർ, സൈക്യാട്രി പ്രൊഫസർ, മെഡി.കോളേജ്, തിരുവനന്തപുരം

Advertisement
Advertisement