അനധികൃത സ്വത്ത്: മുൻ ആർ.ടി.ഒയ്ക്ക് തടവ്, 37.5 ലക്ഷം പിഴ

Tuesday 07 May 2024 1:38 AM IST

കോഴിക്കോട്: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ റിട്ട.ആർ.ടി.ഒക്ക് ഒരു കൊല്ലം തടവും 37.5 ലക്ഷം രൂപ പിഴയും. കണ്ണൂർ പള്ളിക്കുന്ന് ചെട്ടിപ്പീടിക, ശ്രീലകത്തിൽ കെ.ഹരീന്ദ്രനെയാണ് (65) കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതി ജഡ്ജ് ടി. മധുസൂദനൻ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവനുഭവിക്കണം.

1989 ജനുവരി മുതൽ 2005 ആഗസ്റ്റ് വരെയുള്ള കാലഘട്ടത്തിൽ കോഴിക്കോട്,വടകര, തലശ്ശേരി എന്നിവിടങ്ങളിലായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ എന്നീ പദവികളിൽ ജോലി ചെയ്തിരുന്നു. സർവീസിലിരിക്കേ, അനധികൃതമായി 38 ലക്ഷത്തിലധികം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. നാല് കുടുംബാംഗങ്ങളുടെ പേരിൽ ബിനാമിയായി സമ്പാദിച്ച ഒൻപത് ഏക്കർ സ്ഥലവും ഇരുനില വീടും സർക്കാരിലേക്ക് കണ്ടുകെട്ടി. 2008 ആഗസ്റ്റ് 30ന് വിരമിക്കുമ്പോൾ പ്രതിയുടെ ഉടമസ്ഥതയിലും ബിനാമികളിലുമായി കണക്കിൽ പെടാത്ത 38,07399 രൂപ 94 പൈസയുടെ മുതലുകൾ കണ്ടെത്തിയെന്നാണ് കേസ്. വിരമിക്കുന്നതിന് തലേന്നായിരുന്നു ഓഫീസിൽ വിജിലൻസ് പരിശോധന.

കണ്ണൂരിലെ പട്ടന്നൂർ, ഇരിക്കൂർ എന്നിവിടങ്ങളിലായി കുടുംബക്കാരായ പി. ലക്ഷ്മി, ടി. പി പ്രഭാകരൻ, സ്മിത പി, ടി.പിമോഹനൻ എന്നിവരുടെ പേരുകളിൽ വിവിധ സർവേ നമ്പറുകളിലായാണ് സ്വത്ത് സമ്പാദിച്ചത്. കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ മുൻ പൊലീസ് സൂപ്രണ്ട് കെ. സുബൈർ രജിസ്റ്റർ ചെയ്ത കേസിൽ കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ ഡിവൈ.എസ്.പിമാരായായിരുന്ന ഐ.മുഹമ്മദ് അസ്ലാം, കെ. മധുസുദനൻ, ടി. ഉണ്ണികൃഷ്ണൻ എന്നിവരാണ് കേസ് അന്വേഷിച്ചിരുന്നത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ശൈലജൻ.വി.കെ ഹാജരായി.

Advertisement
Advertisement