ഡ്രൈവിംഗ് സ്‌കൂളുകളുടെ സെക്രട്ടേറിയറ്റ് മാർച്ച് 13ന്

Tuesday 07 May 2024 1:45 AM IST

കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് 13ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുമെന്ന് ഡ്രൈവിംഗ് സ്കൂൾ സംയുക്ത സമരസമിതി അറിയിച്ചു. പ്രതിഷേധം തണുപ്പിക്കാനെന്ന പേരിൽ ഇറക്കിയ ഉത്തരവിലെ ഇളവുകൾ അപേക്ഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കും. ലേണേഴ്‌സ് പാസായി ഗ്രൗണ്ട് ടെസ്റ്റിനായി ഒമ്പത് ലക്ഷം അപേക്ഷകരാണ് കാത്തിരിക്കുന്നത്. കാലതാമസമുണ്ടാക്കി വീണ്ടും ലേണേഴ്‌സ് ഫീസ് വാങ്ങാനുള്ള തന്ത്രമാണോ ഇതെന്ന് സംശയിക്കുന്നതായി ഭാരവാഹികളായ ജയശങ്കർ, ഹരിഹരൻ നായർ, നാസർ ഉസ്മാൻ എന്നിവർ പറഞ്ഞു.

സമരംമൂലം ഇന്നലെയും സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി. ലേണേഴ്സ്, ഡ്രൈവിംഗ് ടെസ്റ്റുകൾക്കായി ഒടുക്കേണ്ട ഫീസ് ഇന്നു മുതൽ അടയ്ക്കില്ലെന്ന് ചില സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. സി.ഐ.ടി.യു ഒഴികെയുള്ള മറ്റു സംഘടനകളുമായി യോഗം ചേർന്ന് സമരം ശക്തമാക്കാനും തീരുമാനമുണ്ട്.

 സി.ഐ.ടി.യു സമരം തത്കാലം നിറുത്തി

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിൽ 23ന് മന്ത്രി കെ.ബി.ഗണേശ് കുമാർ ചർച്ചയ്ക്ക് വിളിച്ചതിനെ തുടർന്ന് ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) മേയ് രണ്ടു മുതൽ ആരംഭിച്ച പ്രതിഷേധ സമരം തത്കാലം നിറുത്തിവച്ചു. ചർച്ചയിലെ തീരുമാനത്തിനനുസരിച്ചാകും തുടർ നടപടി.

Advertisement
Advertisement