നമ്പർ പ്ളേറ്റ് ഇല്ലാതെ രൂപമാറ്റം വരുത്തിയ കാർ പിടിച്ചെടുത്തു

Tuesday 07 May 2024 12:12 AM IST

കൊല്ലം: നമ്പർപ്ളേറ്റ് ഇല്ലാതെ അടിമുടി രൂപമാറ്റം വരുത്തി കറങ്ങിയ കാർ പിടിച്ചെടുത്ത് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം പത്തനാപുരം മഞ്ചള്ളൂർ റോഡിൽ നടത്തിയ പരിശോധനയിലാണ് കാർ പിടിച്ചെടുത്തത്.

കാറിന് പിന്നിൽ നമ്പർ പ്ളേറ്റിന്റെ ഭാഗത്ത് ബൂമ്പർ എന്നെഴുതിയ ബോർഡാണ് പതിച്ചിരിക്കുന്നത്. സൈലൻസർ, സീറ്റ് ബെൽറ്ര്, ഹാൻഡ് ബ്രേക്ക്, വീലുകൾ, ഗിയർ ലിവർ എന്നിവയിലും രൂപമാറ്റം വരുത്തിയിട്ടുണ്ട്. കാറിൽ സ്റ്റിക്കറും പതിപ്പിച്ചിട്ടുണ്ട്. ഉൾഭാഗം കാണാത്ത തരത്തിൽ കറുത്ത ഫിലിമും ഗ്ലാസിൽ ഒട്ടിച്ചിരുന്നു. കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശികളായ യുവാക്കളാണ് കാറിലുണ്ടായിരുന്നത്. പത്തനാപുരത്ത് കല്യാണ ആവശ്യവുമായി ബന്ധപ്പെട്ടാണ് കാർ കൊണ്ടുവന്നതെന്നാണ് ഇവർ എം.വി.ഡിയോട് പറഞ്ഞത്. പരിശോധനയ്ക്കിടെ കാറിലുണ്ടായിരുന്നവരും എം.വി.ഡി ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കവുമുണ്ടായി. ഞായറാഴ്ച മേവറത്ത് പരിശേധനയ്ക്കിടെ എം.വി.ഡി ഉദ്യോഗസ്ഥർ ഇതേ കാർ പരിശോധനയ്ക്കായി നിറുത്താൻ ആവശ്യപ്പെട്ടെങ്കിലും നിറുത്താതെ പോവുകയായിരുന്നു.

മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. ഇയാളെ ബന്ധപ്പെട്ടപ്പോൾ കാർ ഇവർക്ക് വിറ്റതാണെന്ന് അറിച്ചു. എന്നാൽ ആർ.സി ബുക്കിൽ പുതിയ ഉടമസ്ഥന്റെ പേര് മാറ്റിയിരുന്നില്ല.

രൂപമാറ്റത്തിന് പിഴ ചുമത്തിയ കാറിപ്പോൾ പത്തനാപുരം പൊലീസ് സ്റ്റേഷനിലാണ്. 25,000 രൂപയിലധികം പിഴ ചുമത്താനുള്ള നിയമ വിരുദ്ധ രൂപമാറ്റങ്ങൾ കാറിലുണ്ടെന്ന് എം.വി.ഡി ഉദ്യോഗസ്ഥർ അറിയിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എസ്.മഞ്ചു, ബിജോയ് എന്നിവരുടെ നേതൃത്വത്തിലാണ് കാർ പിടിച്ചെടുത്തത്.

Advertisement
Advertisement