കുടുംബശ്രീക്ക് കരുത്തേകാൻ 'എന്നിടം'

Tuesday 07 May 2024 12:20 AM IST

ജില്ലയിലെ 1,420 എ.ഡി.എസുകളി​ൽ പദ്ധതി നടപ്പാക്കും

കൊല്ലം: കുടുംബശ്രീ അംഗങ്ങൾക്ക് കല, സാംസ്‌കാരിക, സാമൂഹിക പ്രവർത്തനങ്ങൾക്ക് ഇടമൊരുക്കാനായി 'എന്നിടം' സജ്ജമാക്കി​ എ.ഡി.എസുകൾ. കുടുംബശ്രീയുടെ 26-ാം വാർഷിക ദിനമായ 17ന്, ജില്ലയിലെ തി​രഞ്ഞെടുക്കപ്പെട്ട എ.ഡി​.എസുകളി​ലൊന്നി​ൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടക്കും. ബാക്കി എ.ഡി.എസുകളിൽ 17 മുതൽ 20 വരെയുള്ള ദിവസങ്ങളിലാവും ഉദ്ഘാടനം. ജില്ലയിലെ 1,420 എ.ഡി.എസുകളി​ലും പദ്ധതി നടപ്പാക്കും.

കുടുംബശ്രീ അംഗങ്ങളിൽ സാമൂഹ്യ -സാംസ്‌കാരിക അവബോധം സൃഷ്ടിക്കുക, നാടിന്റെ സൗഹാർദ്ദ അന്തരീക്ഷം മെച്ചപ്പെടുത്തുക, പൊതു സമൂഹത്തിൽ മാനസിക ആരോഗ്യ ഉറപ്പ് വരുത്തുക, കുടുംബശ്രീയുടെ വാർഡ് തലത്തിലുള്ള എ.ഡി.എസ് സംവിധാനത്തെ ശക്തിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം.

വാർഡിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള പൊതു ഇടങ്ങൾ, വായനശാലകൾ എന്നിവിടങ്ങളിൽ കുടുംബശ്രീ സി.ഡി.എസിന്റെ സഹായത്തിൽ എ.ഡി.എസിന്റെ ഓഫീസിനായി തയ്യാറാക്കും. അതത് വാർഡുകളിലെ ജനപ്രതിനിധികൾ, എ.ഡി.എസ്, സി.ഡി.എസ് ഭാരവാഹികൾ, ഓക്‌സിലറി ഗ്രൂപ്പ് ഭാരവാഹികൾ, ബാലസഭ ഭാരവാഹികൾ, വായനശാല ഭാരവാഹികൾ, സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി ജില്ലാതല ഉദ്ഘാടനത്തിന് സംഘാടക സമിതി രൂപീകരിക്കണമെന്നും നിർദേശമുണ്ട്.

എല്ലാ മാസത്തിലെയും ഒരുദിവസം എ.ഡി.എസ് തലത്തി​ലുള്ള റിക്രിയേഷൻ സെന്ററിന്റെ നേതൃത്വത്തിൽ വി​വി​ധ പരി​പാടി​കൾ സംഘടി​പ്പി​ക്കും. അച്ചൻകോവിലിലെ ഊരുകളിൽ ഉൾപ്പെടെ കൾച്ചറൽ സെന്റർ പദ്ധതിക്കായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും വായനശാലകൾ കേന്ദ്രീകരിച്ചായിരിക്കും പദ്ധതിക്കുവേണ്ടി​ റിക്രിയേഷൻ സെന്ററുകൾ ഒരുക്കുക

ആഘോഷമായി ഉദ്ഘാടനം

 എന്നിടം പദ്ധതിയിലെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിൽ നടത്തും

 പൊതു ഇടങ്ങൾ ശുചീകരിക്കൽ, ബോധവത്കരണ ക്ലാസുകൾ, ഭക്ഷ്യമേള, കലാപരിപാടികൾ എന്നിവ ഉദ്ഘാടനങ്ങളുടെ ഭാഗമാകും

 ഉദ്ഘാടനത്തിന് സി.ഡി.എസുകളുടെ പങ്കാളിത്തതോടെ സ്‌പോൺസർമാരെ കണ്ടെത്തും

 എല്ലാ അയൽക്കൂട്ട അംഗങ്ങളും കുടുംബാംഗങ്ങളും ബാലസഭാംഗങ്ങളും പങ്കെടുക്കണം

ഇടപെടൽ പലവിധം

പരിസ്ഥിതി സംരക്ഷണം, രോഗികളുടെ പരിചരണം, കുട്ടികളുടെയും സ്ത്രീകളുടെയും കലാപരിപാടികൾ, റീൽസ് തയ്യാറാക്കൽ, സാംസ്‌കാരിക പ്രവർത്തനങ്ങൾ, ലൈബ്രറി സജ്ജീകരിക്കൽ, വായനാ മത്സരം, നാട്ടിലെ പ്രാദേശിക പ്രശ്‌നങ്ങളുടെ ചർച്ചകൾ, തനത് കായിക വിനോദങ്ങളിൽ പരിശീലനം, വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും എന്നിവയുൾപ്പെടെ നാടുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലാണ് എന്നിടം പദ്ധതിയിലുൾപ്പെട്ട എ.ഡി.എസുകൾ പ്രവർത്തിക്കുക.

Advertisement
Advertisement