സ്കൂൾ തുറക്കാൻ ഒരുമാസം: ജില്ലയിൽ പാഠപുസ്തക വിതരണം അതി​വേഗം

Tuesday 07 May 2024 12:34 AM IST

വി​തരണം ചെയ്തത് ​- 65 %

കൊല്ലം: പുതിയ അദ്ധ്യയന വർഷം തുടങ്ങാൻ ഒരുമാസം ബാക്കി നിൽക്കെ, ജില്ലാ ബുക്ക് ഡിപ്പോയിൽ എത്തിച്ച പുസ്തകങ്ങളി​ൽ 65 ശതമാനവും വിതരണം ചെയ്തതായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലേക്കുള്ള പാഠപുസ്തക വിതരണമാണ് മുന്നേറുന്നത്.

14.67 ലക്ഷം പാഠ പുസ്തകങ്ങളാണ് ഇതുവരെ ജില്ലാ ബുക്ക് ഡിപ്പോയിൽ എത്തിയത്. ഇതിൽ 10. 51 ലക്ഷം പുസ്തകങ്ങൾ വിതരണം ചെയ്തു. 22.54 ലക്ഷം പാഠ പുസ്തകങ്ങളാണ് ജില്ലയിൽ ആകെ വേണ്ടത്. മാർച്ച് 15ന് ജില്ലയിൽ പുസ്തക വിതരണം ആരംഭിച്ചു. ആദ്യമായാണ് ഇത്രവേഗം അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്.

രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്കുള്ള പുസ്തക വിതരണമാണ് ഇപ്പോൾ പുരോഗമി​ക്കുന്നത്. പുതിയ പാഠ്യപദ്ധതി പ്രകാരമുള്ള ഒന്ന്, മൂന്ന്, ഏഴ്, ഒൻപത് ക്ലാസുകളിലെ പാഠപുസ്തകങ്ങൾ വന്നിട്ടുണ്ടെങ്കിലും വിതരണം തുടങ്ങിയിട്ടില്ല. ഉടൻ വി​തരണം ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ജില്ലാ ബുക്ക് ഡിപ്പോയാണ് പാഠപുസ്തക വിതരണത്തിന് നേതൃത്വം നൽകുന്നത്.

ആദ്യം സർക്കാർ, എയ്ഡഡ് സ്കൂളുകൾ

 സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്

 ഇത് പൂർത്തിയായ ശേഷം മാത്രമാകും അൺഎയ്ഡഡ് സ്‌കൂളുകളിലേക്ക് പുസ്തകം എത്തി​ക്കുന്നത്

 ജില്ലാ ബുക്ക് ഡിപ്പോയിൽ നിന്ന് ജില്ലയിലെ 292 സ്കൂൾ സൊസൈറ്റികളിലേക്കാണ് പുസ്തകങ്ങൾ എത്തിക്കുന്നത്

 ഇവിടെ നിന്നാണ് വിവിധ സ്‌കൂളുകളിലേക്കുള്ള വിതരണം

കുടുംബശ്രീ ജില്ലാ മിഷനാണ് ജില്ലാ ഹബ്ബിലെത്തുന്ന പുസ്തകങ്ങൾ തരം തിരിക്കുന്നതും വിതരണം ചെയ്യുന്നതുമായ ജോലികൾ ഏറ്റെടുത്തിരിക്കുന്നത്.

വിദ്യാഭ്യാസ വകുപ്പ് അധികൃതർ

Advertisement
Advertisement