സ്‌പോൺസർ ആര്, വരുമാനസ്രോതസ് എന്ത് ?പിണറായിയുടെ വിദേശ യാത്രയിൽ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ

Tuesday 07 May 2024 11:08 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും സ്വകാര്യ വിദേശ യാത്രയിൽ മൂന്ന് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. സിപിഎം മറുപടി പറയണമെന്ന് ആവശ്യപ്പെട്ടാണ് മൂന്ന് ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

യാത്രയുടെ സ്‌പോൺസർ ആരാണ്?​ സ്‌പോൺസറുടെ വരുമാനസ്രോതസ് എന്താണ്?​ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും ചുമതല ആർക്കാണ് കെെമാറിയിരിക്കുന്നത്?​ എന്നീ ചോദ്യങ്ങളാണ് വി മുരളീധരൻ ഉയർത്തിയത്. വേനലിൽ ജനം വലയുമ്പോൾ പിണറായി വിജയൻ ബീച്ച് ടൂറിസം ആഘോഷിക്കാൻ പോയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള യാത്രയിൽ പാർട്ടി നിലപാട് എന്താണെന്നും മുരളീധരൻ ചോദിച്ചു.

'സീതാറാം യെച്ചൂരി ഒന്നും മിണ്ടിയിട്ടില്ല. പ്രതിപക്ഷ നേതാവ് വിഷയത്തിൽ പ്രതികരിക്കാതെ മുങ്ങി. യാത്രയുടെ ചെലവ് എവിടെ നിന്ന് എന്ന് വ്യക്തമാക്കണം. ചൂട് കാരണം ജനം മരിക്കുമ്പോഴാണോ മുഖ്യമന്ത്രി ഇത്തരം ബീച്ച് ടൂറിസത്തിന് പോകുന്നത്. മാസപ്പടി ആരോപണത്തിലെ വിജിലൻസ് അന്വേഷണം ആവശ്യം തള്ളിയത് അഡ്‌ജസ്റ്റ്മെന്റാണ്', വി മുരളീധരൻ ആരോപിച്ചു.

ഇന്നലെ പുലർച്ചെയാണ് മുഖ്യമന്ത്രിയും കുടുംബവും നെടുമ്പാശേരിയിൽ നിന്ന് യാത്ര പുറപ്പെട്ടത്. ഇന്തോനേഷ്യയിലേക്കാണ് ആദ്യം യാത്ര ചെയ്യുന്നത്. ഈ മാസം 12 വരെ അവിടെ തുടരും. 12 മുതൽ 18വരെ സിംഗപ്പൂരിലാണ് ചെലവഴിക്കുക. പിന്നീട് ഈ മാസം 19 മുതൽ 21 വരെ യുഎഇയും സന്ദർശിക്കും. ശേഷം കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം.