വയനാട്ടിൽ കോൺഗ്രസ് ഒളിപ്പിക്കുന്ന സർപ്രൈസ്; രാഹുൽ പോയാലുള്ള അങ്കത്തിന് പ്രിയങ്ക? രാഹുലിന് 'മുഖ്യം' റായ്ബറേലി

Tuesday 07 May 2024 11:34 AM IST

'വയനാട് എന്റെ വീടാണ്, വയനാട്ടുകാർ എന്റെ കുടുംബമാണ്. അവരിൽ നിന്ന് കഴിഞ്ഞ അഞ്ച് വർഷമായി ഒരുപാട് കാര്യങ്ങൾ പഠിക്കുകയും സ്‌നേഹവും വാത്സ്യവും എനിക്ക് ലഭിക്കുകയും ചെയ്തു'- ലോക്സഭ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കവെ രാഹുൽ ഗാന്ധി വയനാട് ജനതയെ സാക്ഷ്യയാക്കി പറഞ്ഞ വാക്കുകളാണിത്. അങ്ങനെ പറഞ്ഞ രാഹുലിന് വയനാട്ടുകാരെ ഉപേക്ഷിച്ച് പോകാൻ സാധിക്കുമോ? വയനാട് നിലനിർത്തിക്കൊണ്ട് റായ്ബറേലി ഉപേക്ഷിക്കാനുള്ള തീരുമാനം രാഹുൽ എടുത്താൽ കോൺഗ്രസ് സമ്മതം മൂളുമോ? ഇനി വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് വന്നാൽ പ്രിയങ്ക ഗാന്ധിയെ മത്സരരംഗത്ത് പ്രതീക്ഷിക്കാമോ?

വെള്ളിയാഴ്ച റായ്ബറേലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ വയനാട്ടിലെ ഓരോ കോൺഗ്രസുകാരും രാഹുലിനെ ഇഷ്ടപ്പെടുന്നവരും ചോദിക്കുന്ന ചോദ്യങ്ങളാണ്. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ റായ്ബറേലി മണ്ഡലം കോൺഗ്രസിനെ സംബന്ധിച്ച് പ്രസ്റ്റീജ് ഇഷ്യൂവാണ്. ഈ മണ്ഡലം നിലനിർത്തിയില്ലെങ്കിൽ കോൺഗ്രസിന്റെ സകല കണക്കുകൂട്ടലുകളും തെറ്റും. അതുകൊണ്ട് തന്നെ രണ്ട് മണ്ഡലങ്ങളിലെയും ഫലം കോൺഗ്രസ് രാഷ്ട്രീയത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം...

വയനാട് എന്റെ കുടുംബം
തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മുതൽ എൽഡിഎഫ്, എൻഡിഎ മുന്നണികൾ രാഹുലിനോട് ചോദിച്ച പ്രധാന ചോദ്യങ്ങളിൽ ഒന്നായിരുന്നു അമേഠിയിൽ മത്സരിക്കുമോ എന്ന്. ഇതിന് രാഹുൽ ഗാന്ധി കൃത്യമായ ഉത്തരം നൽകണമെന്ന് എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ അല്ല മത്സരിക്കേണ്ടത് ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഉത്തർപ്രദേശിൽ വേണമെന്നാണ് എൽഡിഎഫും പ്രചരിപ്പിച്ചത്. എന്നാൽ ഈ ചോദ്യങ്ങളെയും പ്രചാരണങ്ങളെയും രാഹുൽ നേരിട്ടത് 'വയനാട് എന്റെ കുടുംബം' എന്നു പറഞ്ഞുകൊണ്ടാണ്.

ആ കുടുംബമായ വയനാട് ഉപേക്ഷിക്കുമോ എന്ന ചോദ്യമാണ് റായ്ബറേലി പ്രഖ്യാപനത്തോടെ വീണ്ടും ഉയരുന്നത്. ഇനി റായ്ബറേലിയിൽ ജയിച്ച് വയനാട് ഉപേക്ഷിച്ചാൽ ഒരു ഉപതിരഞ്ഞെടുപ്പ് സംജാതമാകും. അങ്ങനെ വന്നാൽ ഏറ്റവും വലിയ പ്രതിസന്ധിയിലാകുന്നത് ജില്ലാ നേതാക്കളും സംസ്ഥാന നേതാക്കളുമാണ്. രാഹുലിന് വിശ്വസിച്ച് വോട്ട് ചെയ്ത വോട്ടർമാരോട് എന്തു പറയും? ഈ ചോദ്യങ്ങൾ ഭൂരിപക്ഷത്തെ വരെ ബാധിക്കാൻ സാദ്ധ്യതയുണ്ടെന്ന് ചില നേതാക്കൾ പറയുന്നു.

റായ്ബറേലി നിലനിർത്താതെ വഴിയില്ല

രാജ്യത്ത് ബിജെപി തരംഗമുണ്ടായ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും സോണിയയെ കൈവിടാതെ കാത്ത മണ്ഡലമാണ് റായ്ബറേലി. സ്വാതന്ത്ര്യത്തിന് ശേഷം നടന്ന ആദ്യ രണ്ട് തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ മുത്തച്ഛനായ ഫിറോസ് ഗാന്ധിയായിരുന്നു മണ്ഡലത്തിൽ ജനവിധി തേടിയത്. അതിനുശേഷം 1967, 1971, 1980 എന്നീ വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയെ തുണച്ചതും റായ്ബറേലിയായിരുന്നു. മണ്ഡലത്തിന് കുടുംബവുമായുള്ള ആത്മബന്ധം രാഹുലിന് നന്നായി അറിയാം. അതുകൊണ്ട് റായ്ബറേലിയെ വിട്ട് ഒരു കളിക്ക് രാഹുൽ മുതിരില്ല.

മാത്രമല്ല, ഇനി രാഹുൽ വയനാട് മതിയെന്ന് തീരുമാനിച്ചാൽ തന്നെ കോൺഗ്രസ് നേതൃത്വം അതിന് സമ്മതിക്കുമെന്ന് തോന്നുന്നില്ല. കാരണം, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുലിന്റെ വയനാട് യാത്ര ഏറ്റവും കൂടുതൽ മുതലാക്കിയത് ഉത്തരേന്ത്യയിലെ എതിർ ചേരികളായിരുന്നു. മുസ്ലീം ലീഗ് പതാക ചൂണ്ടിക്കാട്ടി രാഹുലിന്റെ സഹവാസം പാകിസ്ഥാനിലെ മുസ്ലീം ലീഗിനൊപ്പമാണെന്ന പ്രചാരണം ഉത്തരേന്ത്യയിൽ നടന്നു. കൂടാതെ അമേഠിയിൽ സ്മൃതി ഇറാനിയോട് പരാജയപ്പെടുമെന്ന ഭീതിയാണ് വയനാട്ടിലേക്ക് പോകാൻ രാഹുലിനെ പ്രേരിപ്പിച്ചതെന്ന പ്രചാരണവും ഉഷാറോടെ നടന്നു. അതുകൊണ്ട് റായ്ബറേലി ഒഴിവാക്കി രാഹുൽ വയനാട് ഒരിക്കലും നിലനിർത്തില്ല.

ഏറ്റവും മികച്ച ഓപ്ഷൻ പ്രിയങ്ക ഗാന്ധി
ഇനി വയനാട് ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണെങ്കിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധി എത്തുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കയെ മത്സരിപ്പിക്കുന്നത് കോൺഗ്രസിന് സംബന്ധിച്ച് ഏറ്റവും മികച്ച ഓപ്ഷനാണ്. കാരണം. രാഹുൽ മണ്ഡലത്തിലുണ്ടാക്കിയ ഓളം ഒരു പരിധിവരെ സഹോദരി കൂടിയായ പ്രിയങ്കയും മനസിലാക്കിയിട്ടുണ്ട്. മാത്രമല്ല, രാഹുലിനൊപ്പം ഒരുപാട് തവണ മണ്ഡലത്തിലെത്തിയ പ്രിയങ്കയെയും ജനങ്ങൾക്ക് നന്നായി അറിയാം. രാഹുലിന്റെ അസാന്നിദ്ധ്യം ഉണ്ടാക്കുന്ന കുറവ് ഒരു പരിധിവരെ പ്രിയങ്കയ്ക്ക് നികത്താൻ സാധിക്കും. ഇതോടൊപ്പം രാഹുലിനേക്കാൾ മികച്ചത്, അല്ലെങ്കിലും ഒപ്പത്തിനൊപ്പം നിൽക്കുന്ന നേതാവെന്ന പ്രതീതിയും പ്രിയങ്കയുടെ വരവോടെ ഉണ്ടാക്കും.

Advertisement
Advertisement