മാംഗോ ഫെസ്റ്റിന് നാളെ തുടക്കം

Wednesday 08 May 2024 12:08 AM IST
മാംഗോ ഫെസ്റ്റ്

നീലേശ്വരം: പടന്നക്കാട് കാർഷിക കോളേജ് വിദ്യാർത്ഥി യൂണിയൻ സംഘടിപ്പിക്കുന്ന മധുരം 2024 മാംഗോ ഫെസ്റ്റ് നാളെ മുതൽ 12 വരെ നടക്കും. ഇത്തവണ എക്‌സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിയുമായി സഹകരിച്ച് 'മയക്കുമരുന്ന് വേണ്ട, മാമ്പഴമാകട്ടെ ലഹരി' എന്ന സന്ദേശം വിദ്യാർത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കുമെത്തിച്ചാണ് മാംഗോ ഫെസ്റ്റ് നടത്തുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കാർഷിക കോളേജിലെ മാവിൻ തോട്ടങ്ങളിൽ നിന്നും വിളവെടുത്ത മാമ്പഴങ്ങളും കർഷകരിൽ നിന്ന് നേരിട്ടും എഫ്.പി.ഒയിൽ നിന്നും കൊണ്ടുവരുന്ന മാമ്പഴങ്ങളും പ്രദർശന നഗരിയിൽ പ്രദർശനത്തിനും വില്പനയ്ക്കുമുണ്ടാകും. നാളെ വൈകിട്ട് മൂന്നിന് നിർമ്മിതി കേന്ദ്ര ജനറൽ മാനേജർ ഇ.പി രാജ് മോഹൻ മാംഗോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. രാഘവേന്ദ്ര മുഖ്യാതിഥിയാവും. മാമ്പഴങ്ങളിലെ രാജ്ഞിയായ അൽഫോൻസ, ആന്ധ്രപ്രേദശിന്റെ വാണിജ്യ ഇനമായ ബംഗനപള്ളി, ദക്ഷിണേന്ത്യൻ ഇനങ്ങളായ ബൻഗ്ലോര, നീലം, ചക്കരക്കുട്ടി, കാലപ്പാടി, മൽഗോവ, മുണ്ടപ്പ, പടന്നക്കാട് കാർഷിക കോളേജിന്റെ മുഖ്യ ഇനമായ ഫിറാങ്കിലുടുവ തുടങ്ങിയ ഇനങ്ങൾ നഗരിയിലുണ്ടാവും.

മാംഗോ ഫെസ്റ്റിനോടനുബന്ധമായി ദിവസവും വിവിധ സെമിനാറുകളും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ഡോ. സുദർശന റാവു, ഡോ. കെ.എം ശ്രീകുമാർ, ഡോ. പി.കെ സജീഷ്, ഡോ. എ.കെ വിനീത, സി. അഭിജിത്ത്, അഹല്യ സജീവ്, ആർ.എൽ അനൂപ് എന്നിവർ സംബന്ധിച്ചു.

Advertisement
Advertisement