വാനരശല്യം: പൊറുതി മുട്ടി കല്ലൂർ തേക്കംപറ്റ നിവാസികൾ

Wednesday 08 May 2024 12:54 AM IST
monkey

സുൽത്താൻബത്തേരി : വാനരശല്യംകൊണ്ട് പൊറുതിമുട്ടി നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂർ തേക്കംപറ്റ നിവാസികൾ. കൂട്ടമായെത്തുന്ന കുരങ്ങൻമാർ വീടുകളുടെ ഓടുകൾ തകർക്കുന്നതും പച്ചക്കറി കൃഷികൾ നശിപ്പിക്കുന്നതും പതിവാക്കിയിരിക്കുകയാണ്.

നേരം വെളുത്താൽ സമീപത്തെ വനത്തിൽ നിന്ന് കൂട്ടമായാണ് കുരങ്ങന്മാർ ജനവാസമേഖലയിലേക്ക് എത്തുന്നത്. നേരെ വീടുകൾക്ക് മുകളിലേക്ക് കയറും. മേൽക്കൂരയിലെ ഓടുകൾ ഇളക്കി താഴെയിടും. കൂടാതെ മരത്തിനുമുകളിൽ നിന്ന് കുരങ്ങുകൾ മേൽക്കൂരയിലേക്ക് ചാടുന്നതിനാൽ ഓടുകൾ പൊട്ടാനും കാരണമാകുന്നു. ആരും വീട്ടിലില്ലെങ്കിൽ വീടിനകത്ത് കടന്ന് ഭക്ഷണ സാധനങ്ങൾ എടുത്തുതിന്നും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വാരിവലിച്ചിട്ട് കാഷ്ടിച്ച് വൃത്തീഹീനമാക്കും.

ആളുകൾ പുറത്തപോയി വന്നാൽ വീടിനകത്തുകടക്കണമെങ്കിൽ വൃത്തിയാക്കാൻ പിടിപ്പത് പണിയെടുക്കണം. കുരങ്ങിന്റെ ദേഹത്തുള്ള ചെള്ളാണ് ഏറ്റവും വലിയ ഭീഷണി. ഇതുകാരണം ഭയത്തോടെയാണ് ആളുകൾ കഴിയുന്നത്. കൂടാതെ പച്ചക്കറികൾ നശിപ്പിക്കുന്നതും പതിവാണ്.

കല്ലൂർ രാജീവിഗാന്ധി ആശ്രമം സ്‌കൂളിലെ ഹോസ്റ്റൽ കെട്ടിടത്തിന്റെ സൺഷെയ്ഡിൽ പതിപ്പിച്ച ഓടുകൾ ഇളക്കി നിലത്തിട്ട് നശിപ്പിക്കുന്നതും പതിവാണ്.കൂട്ടമായെത്തുന്ന കുരങ്ങൻമാരെ സ്ത്രീകൾ ഓടിച്ചാൽ പോകില്ല. പുരുഷൻമാർ ഉണ്ടെങ്കിൽ മാത്രമേ ഓടിച്ചാൽ കുറച്ചെങ്കിലും ദൂരേക്ക് മാറുകയുളളു. എന്നാൽ ആളുകൾ മാറുന്നതോടെ വീണ്ടും തിരിച്ചെത്തി ശല്യം ആവർത്തിക്കും. ഇതിനുപരിഹാരമായി ഇവയെ പിടികൂടി ഉൾവനത്തിൽ വിടണെമന്ന ആവശ്യത്തിന് അധികൃതർ ചെവികൊടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

Advertisement
Advertisement