സിദ്ധാർത്ഥ് കൊലക്കേസ്: കുറ്റപത്രം ഹൈക്കോടതിയിൽ

Wednesday 08 May 2024 1:59 AM IST

കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രാഥമിക കുറ്റപത്രം സി.ബി.ഐ ഹൈക്കോടതിയിൽ ഹാജരാക്കി. ഇതിന്റെ പകർപ്പ് പ്രതികൾക്ക് നൽകാൻ ജസ്റ്റിസ് സി. പ്രതീപ്കുമാർ നിർദ്ദേശിച്ചു. പ്രതികളുടെ ജാമ്യഹർജികൾ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
അന്വേഷണം തുടരുകയാണെന്നും അനുബന്ധകുറ്റപത്രം ഉടനുണ്ടാകുമെന്നും സി.ബി.ഐ അറിയിച്ചു.

നടപടിക്രമങ്ങൾ പാലിക്കാതെയാണ് കുറ്റപത്രം സമർപ്പിച്ചതെന്നും 60 ദിവസമായി ജുഡിഷ്യൽ കസ്റ്റഡിയിൽ തുടരുകയാണെന്നും ജാമ്യം നൽകണമെന്നുമാണ് ഹർജിക്കാരുടെ വാദം.
പ്രതികളായ എൻ. ആസിഫ് ഖാൻ, അരുൺ കേലോത്ത്, എ. അൽത്താഫ്, റൈഹാൻ ബിനോയ്, എസ്.ഡി. ആകാശ്, എസ്. അഭിഷേക്, ബിൽഗേറ്റ് ജോഷ്വ തണ്ണിക്കോട്, ഡോൺസ് ഡായ്, വി. നഫീസ് തുടങ്ങിയവരുടെ ജാമ്യ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. മർദ്ദനം, റാഗിംഗ്, ആത്മഹത്യാപ്രേരണ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെയുള്ളത്.