സഞ്ജുവിന് സങ്കടം

Wednesday 08 May 2024 12:51 AM IST

സഞ്ജു സാംസൺ തകർത്തടിച്ചിട്ടും ഡൽഹി ക്യാപ്പിറ്റൽസിനോട് തോറ്റ് രാജസ്ഥാൻ റോയൽസ്

ന്യൂഡൽഹി : നായകൻ സഞ്ജു സാംസൺ 46 പന്തുകളിൽ എട്ടുഫോറും ആറു സിക്സുമടക്കം 86 റൺസുമായി തകർത്തടിച്ചിട്ടും ഡൽഹി ക്യാപ്പിറ്റൽസിന് എതിരായ ഐ.പി.എൽ മത്സരത്തിൽ ജയിക്കാൻ കഴിയാതെ രാജസ്ഥാൻ റോയൽസ്. 222 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ 201/8 എന്ന സ്കോറിൽ ഒതുങ്ങുകയായിരുന്നു. സീസണിലെ രാജസ്ഥാന്റെ മൂന്നാം തോൽവിയാണിത്. 11കളികളിൽ 16 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ് രാജസ്ഥാൻ. 12കളികളിൽ ആറാം ജയവുമായി 12 പോയിന്റായ ഡൽഹി പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്ന് പ്ളേഓഫ് സാദ്ധ്യതകൾ സജീവമാക്കിയിട്ടുണ്ട്.

ഇന്നലെ ന്യൂഡൽഹിയിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ക്യാപ്പിറ്റൽസ് എട്ടുവിക്കറ്റ് നഷ്ടത്തിലാണ് 221 റൺസിലെത്തിയത്. ഓപ്പണർമാരായ ജെയ്ക്ക് ഫ്രേസർ മക്ഗുർക്കും (50) അഭിഷേക് പൊറേലും (65 ) അർദ്ധസെഞ്ച്വറികൾ നേടുകയും ആറാമനായി ഇറങ്ങിയ ട്രിസ്റ്റൻ സ്റ്റബ്സ് 20 പന്തുകളിൽ 41 റൺസ് നേടുകയും ചെയ്തതോടെയാണ് ഡൽഹി മാന്യമായ സ്കോറിലേക്ക് ഉയർന്നത്.

ഒന്നാം വിക്കറ്റിൽ മക്ഗുർക്കും പൊറേലും ചേർന്ന് 4.2 ഓവറിൽ 60 റൺസാണ് അടിച്ചുകൂട്ടിയത്.20 പന്തുകളിൽ ഏഴുഫോറും മൂന്ന് സിക്സും പറത്തിയ മക്ഗുർക്കാണ് തുടക്കത്തിൽ കസറിയത്. അഞ്ചാം ഓവറിൽ അശ്വിൻ മക്ഗുർക്കിനെ ഫെരേരയുടെ കയ്യിലെത്തിച്ച് സഖ്യം പൊളിച്ചു. എന്നാൽ പൊറേൽ ഒരറ്റത്ത് പോരാട്ടം തുടർന്നത് ഡൽഹിക്ക് തുണയായി.ഇതിനിടയിൽ ആറാം ഓവറിൽ ഷായ് ഹോപ്പ് (1) റൺഒൗട്ടാവുകയും പത്താം ഓവറിൽ അക്ഷർ പട്ടേലിനെ (15) അശ്വിൻ പുറത്താക്കുകയും ചെയ്തു. 36 പന്തുകളിൽ ഏഴുഫോറും മൂന്ന് സിക്സും പായിച്ച പൊറേൽ 13-ാം ഓവറിൽ ടീമിനെ 144ലെത്തിച്ച ശേഷമാണ് മടങ്ങിയത്. തുടർന്ന് റിഷഭ് പന്ത് (15), ഗുൽബാദിൻ നയ്ബ് (19) എന്നിവരുടെ പിന്തുണയോടെ സ്റ്റബ്സ് 215ലെത്തിച്ചു. മൂന്ന് വീതം ഫോറും സിക്സുമടിച്ച നയ്ബും റാസിഖ് സലാമും (9) അവസാന ഓവറിലാണ് പുറത്തായത്.

മറുപടിക്കിറങ്ങിയ രാജസ്ഥാന് യശസ്വിയെ (4)രണ്ടാം പന്തിൽതന്നെ നഷ്ടമായി.തുടർന്നിറങ്ങിയ സഞ്ജു തകർത്തടിച്ചെങ്കിലും പിന്തുണ നൽകേണ്ട ജോസ് ബട്ട്‌ലർ(19), റിയാൻ പരാഗ്(27) എന്നിവർ പുറത്തായത് രാജസ്ഥാന് തിരിച്ചടിയായി. 15.4 ഓവറിൽ ടീം സ്കോർ 162ൽ നിൽക്കുമ്പോൾ സഞ്ജുപുറത്തായതാണ് മത്സരത്തിൽ വഴിത്തിരിവായത്. തുടർന്ന് ശുഭം ദുബെ (25),ഡൊണോവൻ ഫെരേര(1), അശ്വിൻ (2), പവൽ (13) എന്നിവർ കൂടി പുറത്തായതോടെ രാജസ്ഥാന്റെ പ്രതീക്ഷകൾ അസ്തമിച്ചു.

സഞ്ജുവിന്റെ ഔട്ടിൽ സംശയം

തന്നെ പുറത്താക്കാൻ മുകേഷിന്റെ ബൗളിംഗിൽ ഷായ് ഹോപ്പ് ക്യാച്ചെടുത്തപ്പോൾ കാല് ബൗണ്ടറി ലൈനിൽ തട്ടിയോ എന്ന് സംശയം ഉയർന്നിരുന്നു. മൂന്നാം അമ്പയർ പരിശോധിച്ച് ഔട്ട് വിധിച്ചെങ്കിലും സംശയം മാറാതെ ഫീൽഡ് അമ്പയറായിരുന്ന മലയാളി കെ.എൻ അനന്തപത്മനാഭനോട് തന്റെ സംശയം ആവർത്തിച്ച ശേഷമാണ് സഞ്ജു മടങ്ങിയത്.

Advertisement
Advertisement