ഭർത്താവ് ഐസിയുവിൽ, അടുത്തേക്ക് പോകാനെത്തിയ ഭാര്യ വിമാനത്താവളത്തിൽ; കടം വാങ്ങി ടിക്കറ്റെടുത്ത പ്രവാസികളും കുടുങ്ങി
കണ്ണൂർ: മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ വിമാനം റദ്ദാക്കിയതിന് പിന്നാലെ യാത്രക്കാരുടെ പ്രതിഷേധം. അബുദാബി, ഷാർജ, മസ്‌കറ്റ് അടക്കമുള്ളയിടങ്ങളിലേക്ക് പോകേണ്ട വിമാനങ്ങളാണ് അവസാനനിമിഷം റദ്ദാക്കിയത്. കണ്ണൂർ അടക്കമുള്ള വിമാനത്താവളങ്ങളിൽ നൂറ് കണക്കിന് യാത്രക്കാരാണ് കുടുങ്ങിയത്.
ഇന്ന് ചെന്നില്ലെങ്കിൽ വിസ റദ്ദാക്കപ്പെടുന്നവരും ജോലി നഷ്‌ടപ്പെടുന്നവരും അടക്കം യാത്രക്കാരുടെ ഇടയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതിനാൽത്തന്നെ ചിലർ എയർ ഇന്ത്യയിലെ ടിക്കറ്റ് റദ്ദാക്കി, 40,000 രൂപയോളം മുടക്കി ഇൻഡിഗോയിൽ ടിക്കറ്റ് ബുക്ക് ചെയ്തു.
തിരുവനന്തപുരം വിമാനത്താവളത്തിൽ സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞ് ഗെയിറ്റിനടുത്തെത്തിയപ്പോഴാണ് ഫ്‌ളൈറ്റ് റദ്ദാക്കിയത് അധികൃതർ അറിയിക്കുന്നത്. മണിക്കൂറുകളോളം കാത്തിരുന്ന യാത്രക്കാർ പ്രതിസന്ധിയിലായി. കുടിക്കാൻ ഒരു തുള്ളി വെള്ളം പോലും നൽകിയില്ലെന്നും ആകെ ബ്രെഡ് മാത്രമാണ് നൽകിയതെന്നും യാത്രക്കാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
'എന്റെ പൊന്നുസാറെ ഞങ്ങൾക്ക് ദുബായിലേക്കാണ് പോകേണ്ടത്. രാവിലെ നാലേ മുക്കാല് തൊട്ട് നിൽക്കുവാ. ഒന്നുകിൽ ഒരു റൂം അറേഞ്ച് ചെയ്തുതരാൻ പറഞ്ഞു. പോയി വരാനുള്ള പൈസയാണ് ബുദ്ധിമുട്ട്. ഇങ്ങോട്ട് വന്നപ്പോൾ 2500 രൂപ ടാക്സിക്ക് കൊടുത്തു. തിരിച്ച് അതേപോലെ പോണം. നാളെ തിരിച്ച് വീണ്ടും വിമാനത്താവളത്തിലേക്ക് വരണം. എനിക്ക് വീട്ടിലേക്ക് പോകാനുള്ള ടാക്സി ഇവർ ബുക്ക് ചെയ്ത് തന്നാൽ മതി. ഇല്ലെങ്കിൽ ഞാൻ ഇവിടെ ഇരിക്കും. എനിക്ക് വേറെ ഓപ്ഷൻ ഇല്ല.'- ഒരു യാത്രക്കാരൻ പറഞ്ഞു.
'ഇന്ന് രാവിലെ ഇവിടെത്തുമ്പോഴാണ് ഫ്‌ളൈറ്റ് ക്യാൻസൽ ചെയ്തത് പറയുന്നത്. നമുക്കുണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരം നൽകുമെന്ന് അവർ പറഞ്ഞിട്ടില്ല. പുള്ളി പറഞ്ഞത് ഫ്‌ളൈറ്റ് റീ ഷെഡ്യൂൾ ചെയ്യാം. എന്നാലും നാളത്തെ ഫ്‌ളൈറ്റിന് പോകാൻ പറ്റുമെന്ന് ഉറപ്പില്ലെന്ന് പറയുന്നു. ഇന്ന് പോകേണ്ട അത്യാവശ്യമുള്ളവർ എന്ത് ചെയ്യും.'- യാത്രക്കാരൻ പറഞ്ഞു. ഹാർട്ട് അറ്റാക്കായി വിദേശത്ത് ഐസിയുവിൽ കിടക്കുന്ന ഭർത്താവിനെ കാണാൻ പോകുന്ന സ്ത്രീയും കുടുങ്ങിക്കിടക്കുന്നവരുടെ കൂട്ടത്തിലുണ്ട്.
തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റ്, ദുബായ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. കരിപ്പൂരിൽ രാവിലെ എട്ടുമണിമുതൽ റാസൽഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹറൈൻ, കുവൈറ്റ് എന്നിവിടങ്ങളിലേയ്ക്കുള്ള വിമാനങ്ങൾ റദ്ദാക്കി. നെടുമ്പാശേരിയിൽ നിന്ന് ബംഗളൂരു അടക്കമുള്ള സ്ഥലത്തേക്ക് പോകുന്ന നാല് വിമാനങ്ങളാണ് റദ്ദാക്കിയത്. കണ്ണൂരിൽ മൂന്ന് സർവീസുകളും മുടങ്ങി.
അലവൻസ് അടക്കമുള്ള ആവശ്യങ്ങൾ ഉയർത്തിക്കാട്ടി എയർ ഇന്ത്യാ ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്കുന്നുണ്ട്. ഇതാണ് സർവീസുകളെ ബാധിച്ചത്. യാത്ര പുന:ക്രമീകരണം നടത്താമെന്നാണ് എയർ ഇന്ത്യയുടെ പ്രതികരണം. വിഷയത്തിൽ വ്യോമയാന അതോറിറ്റി ഇടപെട്ടിട്ടുണ്ട്.