റബറിന് ശനിദശ, കൊക്കോയ്ക്കും കുരുമുളകിനും നല്ല കാലം

Thursday 09 May 2024 1:03 AM IST
റബറിന് ശനിദശ, കൊക്കോയ്ക്കും കുരുമുളകിനും നല്ല കാലം

കോട്ടയം: കടുത്ത ചൂട് കാർഷിക മേഖലയെ തളർത്തുമ്പോൾ കറുത്ത പൊന്നിനും കൊക്കോക്കും നല്ലകാലം. ഇല പൊഴിയും കാലത്ത് റബർ വിലയാകട്ടെ ഉയരാതെ നിൽക്കുകയാണ്.

മാസങ്ങളോളം വി​ല ഇടി​ഞ്ഞു നി​ന്ന കുരുമുളകി​ന് വി​ല കുതി​ക്കുന്നതി​ന്റെ ആഹ്ളാദത്തി​ലാണ് കർഷകർ.

കുരുമുളകിന് കഴിഞ്ഞ വാരം കിലോയ്ക്ക് ഒമ്പതു രൂപയാണ് കൂടിയത്. ഒന്നര മാസത്തിനുള്ളിൽ 71 രൂപയുടെ വർദ്ധന.

കടുത്ത ചൂടിൽ കുരുമുളക് വള്ളികൾ ഉണങ്ങിയതോടെ ഉത്പാദനം കുറഞ്ഞ് വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ, വൻ കിട കർഷകരും ഇടനിലക്കാരും ചരക്കു പിടിച്ചു വയ്ക്കുന്ന അവസ്ഥയുമുണ്ട്.

ശ്രീലങ്കയിൽ വിളവെടുപ്പു തുടങ്ങിയതോടെ കയറ്റുമതി നിരക്ക് അവർ കുറച്ചു. 2500 ടൺ കുരുമുളക് ഇറക്കുമതിക്ക് നികുതി രഹിതമായ ലൈസൻസ് ഡയറക്ടർ ജനറൽ ഒഫ് ഫോറിൻ ട്രേഡ് അനുമതി നൽകിയിട്ടുണ്ട്. ഇന്ത്യയിൽ വില ഉയർന്നു നിൽക്കേ ഇത് ഇന്ത്യൻ കുരുമുളക് വിപണി ഭാവിയിൽ തകർക്കുമെന്ന ഭീതിയിലാണ് വ്യാപാരികൾ.

##

സ്റ്റെഡിയായി റബർ വി​ല

റബർ വില ആഴ്ചകളായി സ്റ്റെഡിയായി നിൽക്കുകയാണ്. അന്താരാഷ്ട്ര വിലയിൽ ചെറിയ വർദ്ധനവ് ഉണ്ടായെങ്കിലും ടയർ ലോബി ആഭ്യന്തര വില ഉയരാതിരിക്കാൻ കൂടുതൽ ചരക്ക് എടുക്കാതെ വിപണി ഇടപെടൽ നടത്തിയിരിക്കുകയാണ്. 180 രൂപ താങ്ങുവില സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിലും താഴെയാണ് വില.

റബർ ബോർഡ് വില ആർ.എസ്.എസ് ഫോർ.180.50, ഫൈവ് -177.50, വ്യാപാരി വില ഫോർ- 175.50, ഫൈവ്- 172.50

അന്താരാഷ്ട്ര വില ചൈന -162, ടോക്കിയോ -167 ബാങ്കോക്ക് -185 .

വേനൽ മഴ ശക്തമാകാത്തതിനാൽ ടാപ്പിംഗ് പുനരാരംഭിച്ചിട്ടില്ല. ഉത്പാദന കുറവിനനുസരിച്ച് വിലയിൽ വർദ്ധനവ് ഉണ്ടാകുന്നുമില്ല.

##

അന്താരാഷ്ട്ര തലത്തിൽ ശക്തമായ കുതിച്ചു ചാട്ടമാണ് കൊക്കോയ്ക്ക് ഉണ്ടായത് . ടണ്ണിന് 12260 ഡോളറായി വില ഉയർന്നത് സർവകാല റെക്കാഡാണ് .ആഫ്രിക്കയിലും മറ്റു ഉത്പാദക രാജ്യങ്ങളിലുമുള്ള ലഭ്യത കുറവാണ് വില ഉയരാൻ കാരണം. കേരളത്തിൽ കൊക്കോ സീസണാണ് . ഹൈറേഞ്ചിൽ കിലോക്ക് 1070 രൂപ വരെ വില ഉയർന്നു .

1070

കൊക്കോ കിലോ വി​ല

1070 രൂപ വരെ

............................................

## . റബർ വില മാറ്റമില്ലാതെ നിൽക്കുന്നു .കൊക്കോക്കും കുരുമുളകിനും ലഭിച്ച ഉയർന്ന വില താത്കാലികമാണ്. കടുത്ത ചൂടിൽ വിളകളെല്ലാം നശിച്ചു.ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാത്ത വിളകൾക്ക് കൂടി നഷ്ടപരിഹാരംലഭ്യമാക്കി കർഷകരെ രക്ഷിക്കാൻ സർക്കാർ തയ്യാറാകണം.

തോമസ് കുട്ടി, കർഷകൻ