വായ്പാ മേഖലയിലെ സഹകരണം: സൗത്ത് ഇന്ത്യൻ ബാങ്കും നോർത്തേൺ ആർക് കാപിറ്റലും ധാരണാ പത്രം ഒപ്പുവച്ചു

Thursday 09 May 2024 1:16 AM IST
സൗത്ത് ഇന്ത്യൻ ബാങ്ക്


കൊച്ചി: വായ്പാ രംഗത്ത് നേട്ടമുണ്ടാക്കുന്ന സഹകരണത്തിനായി സൗത്ത് ഇന്ത്യൻ ബാങ്കും നോർത്തേൺ ആർക് കാപിറ്റലും ധാരണാ പത്രം ഒപ്പുവച്ചു. നോർത്തേൺ ആർകിന്റെ സാങ്കേതികവിദ്യാ പ്ലാറ്റ്‌ഫോമായ എൻപോസ് പ്രയോജനപ്പെടുത്താനും വായ്പകൾക്കു തുടക്കം കുറിക്കുന്ന നടപടി ക്രമങ്ങൾ, വിതരണം, കളക്ഷൻ, തുടങ്ങിയ മേഖലകളെ മെച്ചപ്പെടുത്താനും സഹകരണം സൗത്ത് ഇന്ത്യൻ ബാങ്കിനെ സഹായിക്കും.
പുതുമയുള്ള പ്രവർത്തനങ്ങൾ അവതരിപ്പിക്കാനും സുസ്ഥിര വളർച്ച നേടാനുമുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് ഈ സഹകരണത്തിലൂടെ ദൃശ്യമാകുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ പി ആർ ശേഷാദ്രി പറഞ്ഞു. ഇരു സ്ഥാപനങ്ങളുടേയും കഴിവുകൾ കൂട്ടായി പ്രയോജനപ്പെടുത്തി സാമ്പത്തിക മേഖലയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കും. ബാങ്ക് ഇടപാടുകാർക്ക് മാത്രമല്ല ബന്ധപ്പെട്ട എല്ലാവർക്കും നേട്ടമുണ്ടാക്കാൻ സഹായിക്കുന്നതായിരിക്കും ഈ സഹകരണം. സാമ്പത്തിക മേഖലയിൽ പുതിയ നിലവാരങ്ങൾ സൃഷ്ടിക്കാൻ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഡിജിറ്റൽ മുന്നേറ്റങ്ങൾ ശക്തമാക്കുന്ന സഹകരണത്തിൽ അതിയായ സന്തോഷം ഉണ്ടെന്ന് നോർത്തേൺ ആർക് കാപിറ്റൽ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ആഷിഷ് മെഹ്‌റോത്ര പറഞ്ഞു. മെച്ചപ്പെട്ട വായ്പവിതരണം , വ്യക്തിഗത ആനുകൂല്യങ്ങൾ, മികച്ച രീതിയിലെ ഇടപെടലുകൾ തുടങ്ങിയവയ്ക്ക് ഇതു സഹായകമാകും. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വിപുലമായ സാന്നിദ്ധ്യവും നോർത്തേൺ ആർകിന്റെ ഈ രംഗത്തെ അനുഭവ സമ്പത്തും കൂടുതൽ ശക്തമായ മുന്നേറ്റം നടത്താൻ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
സൗത്ത് ഇന്ത്യൻ ബാങ്ക് സോണൽ കോർപ്പറേറ്റ് സെയിൽസ് മേധാവിയും ഡിജിഎമ്മുമായ യു രമേശ്, ഇൻവെസ്റ്റർ റിലേഷൻസ് മേധാവിയും എജിഎമ്മുമായ പ്രശാന്ത് ജോർജ്ജ് തരകൻ, മുംബൈ റീജണൽ മേധാവിയും ഡിജിഎമ്മുമായ പ്രജിൻ വർഗീസ്, നോർത്തേൺ ആർക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഡയറക്ട് ഒർഗനൈസേഷൻസ് അമിത്ത് മൻധന്യ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മാർക്കറ്റ്‌സ് സന്ധ്യ ധവാൻ, ചീഫ് ഓഫ് സ്റ്റാഫ് ഗീതു സെഹ്ഗാൾ, സീനിയർ വൈസ് പ്രസിഡന്റ് മാർക്കറ്റ്‌സ് സുമന്ത് പോൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement