ഹിറ്റുകളുടെ യോദ്ധാവ് ഓർമ്മയായി,​ സംഗീത് ശിവന് വിട

Thursday 09 May 2024 4:41 AM IST

തിരുവനന്തപുരം: ദൃശ്യപ്പൊലിമയുടെ വസന്തമൊരുക്കിയ പ്രശസ്ത മലയാള- ഹിന്ദി ചലച്ചിത്ര സംവിധായകൻ സംഗീത് ശിവൻ (65)​ അന്തരിച്ചു. മുംബയ് കോകിലബെൻ ആശുപത്രിയിൽ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. മലയാളത്തിലെ ഹിറ്റ് ചിത്രമായ 'രോമാ‌ഞ്ച'ത്തിന്റെ ഹിന്ദി റീമേക്കായ കപ് കപി യുടെ ഡബ്ബിംഗ് ജോലികൾ കഴിഞ്ഞ് മുംബയിലെ വീട്ടിലെത്തിയപ്പോൾ ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ വൃക്കകളുടെ പ്രവർത്തനവും തകരാറിലായി. വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന് ഇന്നലെ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. പരേതനായ ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെയും നിർമ്മാതാവ് പരേതയായ ചന്ദ്രമണിയുടെയും മൂത്തമകനാണ്. ജയശ്രീയാണ് ഭാര്യ. മക്കൾ: സജ്ന ശിവൻ (പ്രൊഫഷണൽ സ്റ്റിൽ ഫോട്ടോഗ്രാഫർ), ശന്തനു ശിവൻ (അസിസ്റ്റന്റ് ഡയറക്ടർ)​ എന്നിവർ മക്കളാണ്. മരുമകൻ: ദീപക്. സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവൻ,​ സംവിധായകൻ സഞ്ജീവ് ശിവൻ,​ സരിത രാജീവ് എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം മുംബയ് അന്ധേരി വെസ്റ്റിലെ വീരദേശായ് റോഡിലുള്ള മെറിഡിയൻ അപ്പാർട്ട്‌മെന്റിൽ (ഫ്ളാറ്റ് നമ്പർ 2,​ ബിൽഡിംഗ് നമ്പർ 2)​ എത്തിച്ചു. സംസ്കാരം ഇന്നു വൈകിട്ട് 4ന് മുംബയ് ഓഷിവാര ഹിന്ദു ശ്‌മശാനത്തിൽ നടക്കും.

1959ൽ തിരുവനന്തപുരം പോങ്ങുംമൂട്ടിലാണ് ജനനം. സിനിമയിലെത്തുന്നതിനുമുമ്പ് 1976ൽ, ശിവനൊപ്പം പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്തു. തുടർന്ന് സഹോദരൻ സന്തോഷ് ശിവനുമൊത്ത് ഒരു പരസ്യ കമ്പനി സ്ഥാപിച്ചു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഫിലിം അപ്രീസിയേഷൻ കോഴ്സ് പാസായതോടയാണ് സിനിമയുമായി കൂടുതൽ അടുത്തത്. വ്യൂഹം, യോദ്ധ,നിർണയം, ഗാന്ധർവ്വം തുടങ്ങി മലയാളത്തിലും ഹിന്ദിയിലുമായി ഒരുപിടി മികച്ച ചിത്രങ്ങൾ സംഗീതിന്റേതായിട്ടുണ്ട്. ജോണി എന്ന ചിത്രത്തിലൂടെ കുട്ടികൾക്കുള്ള മികച്ച ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു. 'ഇഡിയറ്റ്സ്' എന്ന മലയാള ചിത്രത്തിലൂടെ നിർമ്മാതാവുമായി. സണ്ണി ഡിയോളിനെ നായകനാക്കി ഒരുക്കിയ സോർ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം.