സി.ബി.ഐ അന്തിമറിപ്പോർട്ട് നൽകി (ഡെക്ക്)​ സിദ്ധാർത്ഥിന്റെ ജീവനെടുത്തത് കൊടിയ പീഡനത്തിൽ

Thursday 09 May 2024 12:26 AM IST

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി നെടുമങ്ങാട് സ്വദേശി ജെ.എസ്. സിദ്ധാർത്ഥിന്റെ ജീവൻ പൊലിഞ്ഞത് സഹപാഠികളുടെ മൃഗീയമർദ്ദനത്തിന് ഇരയായെന്ന് സി.ബി.ഐയുടെ അന്തിമ അന്വേഷണ റിപ്പോർട്ട്. ഒരു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു കുറ്റവിചാരണ. സിദ്ധാർത്ഥിനെ വിവസ്ത്രനാക്കി ഇടിക്കുകയും തൊഴിക്കുകയും ബെൽറ്റ്, കേബിൾ വയർ തുടങ്ങിയവകൊണ്ട് ശരീരമാകെ അടിച്ചുപൊട്ടിക്കുകയും ചെയ്തു. പ്രതികളിലൊരാളായ അമൽ ഇഹ്‌സാന്റെ മുറിയിൽ ഫെബ്രുവരി 16ന് രാത്രി മുതൽ 17ന് പുലർച്ചെ ഒന്നുവരെ പൈശാചികമായി മർദ്ദിച്ചു. എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് മനഃസാക്ഷിയെ നടുക്കുന്ന വിവരങ്ങൾ. ഇന്ത്യൻ ശിക്ഷാനിയമം 120ബി (കുറ്റകരമായ ഗൂഢാലോചന), 341 (ബലമായി തടഞ്ഞുവയ്ക്കൽ), 323 (മുറിവേല്പിക്കൽ), 324 (മൂർച്ചയേറിയ ആയുധംകൊണ്ട് മുറിവേല്പിക്കൽ), 342 (അന്യായമായി തടവിൽവയ്ക്കൽ), 355 (ആക്രമിക്കൽ), 306 (ആത്മഹത്യക്ക് പ്രേരിപ്പിക്കൽ), 506 (ഭയപ്പെടുത്തൽ) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കേസിൽ 19 പ്രതികളാണുള്ളത്.
പ്രതികളുടെ മൊബൈൽ ഫോണുകൾ ഫോറൻസിക് വിദഗ്ദ്ധർ പരിശോധിക്കണമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ഫോറൻസിക് ഡോക്ടറുടെ റിപ്പോർട്ട് എന്നിവ ന്യൂഡൽഹി എയിംസിലേക്ക് അയച്ചിട്ടുണ്ടെന്നും മരണകാരണത്തെക്കുറിച്ചുള്ള മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും സി.ബി.ഐ വ്യക്തമാക്കി.

ഡമ്മി പരിശോധന നടത്തി

18ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കുളിമുറിയിലേക്കു പോയ സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി (സി.എഫ്.എസ്.എൽ)യിലെ വിദഗ്ദ്ധ സംഘം സിദ്ധാർത്ഥിന്റെ ഉയരവും ഭാരവുമുള്ള ഡമ്മി ഉപയോഗിച്ച് സംഭവം പുനരാവിഷ്‌കരിച്ചു. കുളിമുറിയുടെ നീളം, വീതി, അകത്തെ കൊളുത്തിന്റെ സ്ഥാനം, തകർന്ന നിലയിലുള്ള വാതിൽ എന്നിവയെല്ലാം പരിശോധിച്ച് ആത്മഹത്യയുടെ സാദ്ധ്യത വിലയിരുത്തി. ഇതിന്റെ വിശദാംശവും റിപ്പോർട്ടിലുണ്ട്.

19 പ്രതികൾ

കെ. അഖിൽ,​ആർ.എസ്. കാശിനാഥൻ,​യു.അമീൻ അക്ബറലി,​കെ.അരുൺ,​സിഞ്ചോ ജോൺസൺ,​എൻ. ആസിഫ്ഖാൻ,​എ. അമൽ ഇഹ്‌സാൻ,എ.അൽത്താഫ്,​ഇ.കെ. സൗദ് റിസാൽ,​വി. ആദിത്യൻ,​മുഹമ്മദ് ധനീഷ്,​റെയ്‌ഹാൻ ബിനോയ്,​എസ്.ഡി. ആകാശ്,​എസ്. അഭിഷേക്,​ആർ.ഡി.ശ്രീഹരി,​ഡോൺസ് ഡായ്,​ബിൽഗേറ്റ് ജോഷ്വ തണ്ണിക്കോട്,​വി. നസീഫ്.