 കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തു പാർട്ടിയിൽ പിന്തുണ കൂട്ടാൻ സുധാകരൻ  ഹസനും സതീശനും ചടങ്ങിൽ പങ്കെടുത്തില്ല

Thursday 09 May 2024 12:34 AM IST

തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് വീണ്ടും തിരിച്ചെത്തിയ കെ.സുധാകരൻ ബൂത്തുതലത്തിൽ വരെ തന്റെ സ്വാധീനം വർദ്ധിപ്പിച്ച് പാർട്ടിയിൽ പിടിമുറുക്കാൻ നീക്കം തുടങ്ങി. തന്റെ തിരിച്ചുവരവിന് കാലതാമസം വരുത്തിയ നേതാക്കൾക്ക് ഇതിലൂടെ മറുപടി നൽകുകയാണ് ലക്ഷ്യം. ലോക്സഭ തിരഞ്ഞെടുപ്പു ഫലം വരുന്നതിന് പിന്നാലെ നേതൃമാറ്റത്തിന് മുറവിളി ഉയരാനുള്ള സാദ്ധ്യത കൂടി മുന്നിൽകണ്ടാണിത്. തനിക്ക് പദവി തിരിച്ചു തരുന്നതിൽ കാലതാമസം വരുത്തിയത് പാർട്ടിയിലും ചർച്ചയാക്കും.

ഇന്നലെ ചുമതലയേറ്റെടുക്കൽ ചടങ്ങിൽ ആക്ടിംഗ് പ്രസിഡന്റായിരുന്ന എം.എം.ഹസനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പങ്കെടുത്തില്ല. ഇതിലും സുധാകരന് അതൃപ്തിയുണ്ട്.

രാവിലെ 10:30ന് എ.കെ ആന്റണിയെ വീട്ടിലെത്തി സന്ദർശിച്ച ശേഷമാണ് സുധാകരൻ ചുമതലയേറ്റെടുക്കാൻ ഇന്ദിരാഭവനിലെത്തിയത്. പ്രവർത്തകർ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ വരവേറ്റു. സണ്ണി ജോസഫ് എം.എൽ.എയടക്കം സുധാകര പക്ഷത്തെ നേതാക്കളൊഴികെ പ്രധാന നേതാക്കളൊന്നും ചടങ്ങിന് എത്തിയില്ല.

ഡോക്ടർമാർ ശബ്ദവിശ്രമം നിർദ്ദേശിച്ചതിനാൽ പൊതുപരിപാടികൾ ഒഴിവാക്കി തന്റെ മണ്ഡലത്തിൽ തുടരുന്ന വി.ഡി.സതീശൻ നാളെയേ തലസ്ഥാനത്തെത്തൂ. അതിനാലാണ് ചടങ്ങിൽ പങ്കെടുക്കാത്തതെന്നാണ് അദ്ദേഹത്തിനോടടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എം.എം ഹസനും പ്രതികരിച്ചിട്ടില്ല.

ചുമതല കൈമാറുന്നതിൽ കാലതാമസമുണ്ടായെന്ന തരത്തിൽ വിവാദമുണ്ടാക്കിയത് മാദ്ധ്യമങ്ങളാണെന്ന് വിശദീകരിക്കുമ്പോഴും തനിക്കെതിരായ നേതാക്കളുടെ സംഘടിത നീക്കത്തിൽ അവധാനതയോടെ മാത്രം പ്രതികരിക്കാനാണ് സുധാകരന്റെ തീരുമാനം. അതേസമയം, സുധാകരന് മുമ്പിൽ വെല്ലുവിളികൾ ഏറെയാണ്. തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ഉരുത്തിരിയുന്ന രാഷ്ട്രീയമാറ്റം സംസ്ഥാന കോൺഗ്രസിലും ചൂടേറിയ നേതൃമാറ്റ ചർച്ചകൾക്ക് വഴിവച്ചേക്കും

സംഘടനാ ദൗർബല്യം പരിഹരിക്കും

തിരഞ്ഞെടുപ്പ് അവലോകന യോഗത്തിനിടെ നേതാക്കൾ ഉയർത്തിയ സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കാനാണ് സുധാകരന്റെ തീരുമാനം. പാർട്ടിയെ സെമി കേഡറാക്കുന്നതടക്കം നടപ്പാക്കി ബൂത്തു തലത്തിൽവരെ പ്രവർത്തനം ശക്തമാക്കും. സംസ്ഥാനത്തെ ഒരു മുതിർന്ന നേതാവിന് ഇതിന്റെ ചുമതല നൽകും.

Advertisement
Advertisement