കഥാപ്രസംഗ ശതാബ്ദി ആഘോഷവും കുമാരനാശാൻ സ്മൃതിയും

Thursday 09 May 2024 12:50 AM IST

കരുനാഗപ്പള്ളി : കഥാപ്രസംഗം എന്ന ജനകീയ കലാരൂപം പിറന്നിട്ട് നൂറുവർഷം തികയുന്നതിന്റെ ഭാഗമായി കുമാരനാശാൻ സർഗ്ഗഗായതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കഥാപ്രസംഗ ശതാബ്ദി ആഘോഷവും കുമാരനാശാൻ സ്മൃതിയും 11ന് കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ഭാഗമായി പ്രമുഖ കാഥികർ പങ്കെടുക്കുന്ന കഥാപ്രസംഗ മേളയും സാംസ്കാരിക സമ്മേളനവും നടക്കും. രാവിലെ 9 മുതൽ നടക്കുന്ന കഥാപ്രസംഗ മേളയിൽ കാഥികരായ സി.എൻ.സ്നേഹലത, അനിത ചന്ദ്രൻ, തിരുമല വസന്തകുമാരി, കൊല്ലം കാർത്തിക്, ദേവകിരൺ എന്നിവർ കഥാപ്രസംഗങ്ങൾ അവതരിപ്പിക്കും. വൈകിട്ട് 4ന് ചേരുന്ന സാംസ്കാരിക സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. പ്രൊഫ.വസന്തകുമാർ സാംബശിവൻ മുഖ്യപ്രഭാഷണം നടത്തും. സി.ആർ. മഹേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. തുടർന്ന് അയിലം ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന കഥാപ്രസംഗവും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ കാഥിക തൊടിയൂർ വസന്തകുമാരി, നന്ദകുമാർ വള്ളിക്കാവ്, അനിൽ ചൂരക്കാടൻ, ഉമാസാന്ദ്ര എന്നിവർ പങ്കെടുത്തു.