ചെസിനായി 65 കോടിയുടെ ബഡ്ജറ്റ്

Thursday 09 May 2024 12:25 AM IST

കൊച്ചി: രാജ്യത്ത് ചെസ് പ്രോത്സാഹിപ്പിക്കാൻ 65 കോടി രൂപയുടെ ബഡ്ജറ്റ് പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ (എ.ഐ.സി.എഫ്). എല്ലാ വീട്ടിലും ചെസ് എത്തിക്കുകയാണ് ലക്ഷ്യം. തുടക്കക്കാർ മുതൽ പ്രൊഫഷണൽ കളിക്കാർ വരെയുള്ളവർക്ക് സാമ്പത്തികമായും മറ്റുമുള്ള സഹായങ്ങൾ നൽകും. ദേശീയതലത്തിൽ എ.ഐ.സി.എഫ് പ്രോ, എ.ഐ.സി.എഫ് പോപ്പുലർ ടൂർണമെന്റുകൾ സംഘടിപ്പിക്കും. ജനറൽബോഡി യോഗത്തിലാണ് തീരുമാനം. അടുത്ത മൂന്ന് വർഷത്തേക്ക് 15 ലക്ഷം രൂപവീതം നൽകി സംസ്ഥാന ചെസ് അസോസിയേഷനുകളെ പരിപോഷിപ്പിക്കാനും തീരുമാനമുണ്ട്. ദേശീയതലത്തിൽ 42 കളിക്കാരുമായി കരാറിൽ ഒപ്പിടും. ഇതിനായി എ.ഐ.സി.എഫ് പ്രോ പദ്ധതിക്ക് കീഴിൽ രണ്ടു കോടിരൂപയും നീക്കിവച്ചിട്ടുണ്ട്.

 മറ്റ് തീരുമാനങ്ങൾ
• പ്രത്യേക ചെസ് ഡെവലപ്‌മെന്റ് ഫണ്ട്
• അസോസിയേഷനുകൾക്ക് ധനസഹായം
• മുൻനിര ചെസ് താരങ്ങൾക്കായി നാഷണൽ ചെസ് അരീന

• ഇന്ത്യൻ കളിക്കാർക്കായി പ്രത്യേക റേറ്റിംഗ് സിസ്റ്റം

 താരങ്ങൾക്ക് റേറ്റിംഗ്
കളിക്കാർക്ക് ഇന്ത്യക്കകത്ത് പ്രത്യേക റേറ്റിംഗ് ഏർപ്പെടുത്തും. എഫ്.ഐ.ഡി.ഇ റേറ്റിംഗുള്ള ആദ്യത്തെ 20 കളിക്കാർക്ക് വാർഷികകരാർ ഇനത്തിൽ 25 ലക്ഷം രൂപയും 12.5 ലക്ഷം രൂപയും വീതം നൽകും. നാലു കോടി രൂപയാണ് ഇതിനായി നീക്കിവയ്ക്കുക. നിരവധി ഗ്രാൻഡ്മാസ്റ്റർമാരുടെ രാജ്യമായി ഇന്ത്യയെ മാറ്റാനാണ് എ.ഐ.സി.എഫ് ശ്രമം.

കഴിവുള്ള താരങ്ങളാണ് രാജ്യത്തെ ചതുരംഗവേദിയിലെ ഏറ്റവും സുപ്രധാനഘടകം. സാമ്പത്തികപിന്തുണയും അവസരങ്ങളും പരിശീലനവും കിട്ടാത്തതിനാൽ പലരും ബുദ്ധിമുട്ടുകയാണ്. 65 കോടി രൂപ നീക്കിവച്ചുകൊണ്ടുള്ള ഈ ബഡ്ജറ്റിലൂടെ ഓരോ കളിക്കാരുടെയും സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ

-നിതിൻ നാരംഗ്

പ്രസിഡന്റ്
എ.ഐ.സി.എഫ്

Advertisement
Advertisement