പാരീസിന് പട്ടടയൊരുക്കി ബൊറൂഷ്യ ഫൈനലിൽ

Thursday 09 May 2024 12:39 AM IST

രണ്ടാം പാദ സെമിയിൽ പാരീസ് എസ്.ജിയെ തോൽപ്പിച്ച് ബൊറൂഷ്യ ഡോർട്ട്മുണ്ട് യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

പാരീസ്: ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയുടെ കിരീടസ്വപ്നങ്ങളെ ചവിട്ടിമെതിച്ച് രണ്ടാം പാദ സെമിയിലെ ഒറ്റഗോൾ വിജയത്തോടെ ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ട് യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ ഫൈനലിലെത്തി. ബൊറൂഷ്യയുടെ തട്ടകത്തിൽ നടന്ന ആദ്യ പാദ സെമിയിലും ഇതേസ്കോറിന് പാരീസ് തോറ്റിരുന്നു. 2-0 എന്ന ആകെ ഗോൾ മാർജിനിലാണ് ബൊറൂഷ്യയുടെ ഫൈനൽ പ്രവേശം.

പാരീസിന്റെ തട്ടകത്തിൽ നടന്ന രണ്ടാം പാദ മത്സരത്തിന്റെ 50-ാം മിനിട്ടിൽ മാറ്റ് ഹമ്മൽസ് നേടിയ ഗോളിനായിരുന്നു ബൊറൂഷ്യയുടെ ജയം. ആദ്യ പാദ സെമിയിൽ 36-ാം മിനിട്ടിൽ നിക്ളസ് ഫുൾക്രുഗ് നേടിയ ഗോളിനായിരുന്നു ബൊറൂഷ്യ ജയിച്ചിരുന്നത്. റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിലുള്ള രണ്ടാം പാദ സെമിയിലെജേതാക്കളെയാണ് ഫൈനലിൽ ബൊറൂഷ്യ നേരിടേണ്ടത്. ജൂൺ രണ്ടിന് ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തിലാണ് ഫൈനൽ.

ഇരുപകുതികളിലുമായി ലഭിച്ച നിരവധി അവസരങ്ങൾ പാഴാക്കിയാണ് പാരീസ് തോൽവി ഏറ്റുവാങ്ങിയത്. ആദ്യ പാദത്തിൽ തോറ്റതിന്റെ സമ്മർദ്ദത്തിൽ സ്വന്തം തട്ടകത്തിലിറങ്ങിയ ഫ്രഞ്ചുക്ളബിന് മത്സരത്തിൽ ആധിപത്യം പുലർത്താനായെങ്കിലും അത് ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. അതേസമയം ഒരു കോർണർ കിക്കിലൂടെ കിട്ടിയ അവസരം ബൊറൂഷ്യ ഗോളാക്കി മാറ്റുകയും ചെയ്തു.

എംബാപ്പെയ്ക്ക്

തോറ്റുമടക്കം

ഈ സീസണോടെ പാരീസ് എസ്.ജിയിൽ നിന്ന് മാറാൻ തീരുമാനിച്ചിരിക്കുന്ന ഫ്രഞ്ച് സ്റ്റാർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയുടെ പി.എസ്.ജിക്കായുള്ള അവസാന മത്സരമായാണ് ബൊറൂഷ്യയുമായുള്ള സെമിഫൈനൽ വിശേഷിപ്പിക്കപ്പെട്ടത്. എന്നാൽ ഈ മത്സരത്തിൽ ടീമിനെ ജയിപ്പിക്കാനാവാതെ കണ്ണീരോടെ മടങ്ങാനായിരുന്നു എംബാപ്പെയുടെ വിധി.

ഗോൾ പിറന്നതിങ്ങനെ

1-0

50-ാം മിനിട്ട്

മാറ്റ് ഹമ്മൽസ്

ബ്രാൻഡ്റ്റ് എടുത്ത ഒരു കോർണർ കിക്കിൽ നിന്ന് ഡിഫൻഡർമാരെ വെട്ടിച്ചോടി ഹമ്മൽസ് വലയിലേക്ക് പന്തടിച്ചുകയറ്റിയാണ് ബൊറൂഷ്യയ്ക്ക് വിജയമൊരുക്കിയത്.

3

ഇത് മൂന്നാം തവണയാണ് ബൊറൂഷ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തുന്നത്.1997,2013 സീസണുകളിലായിരുന്നു ഇതിന് മുമ്പ് ഫൈനലിലെത്തിയത്. 1997ൽ ഇറ്റാലിയൻ ക്ളബ് യുവന്റസിനെ തോൽപ്പിച്ച് കിരീടം നേടി. 2013ൽ മറ്റൊരു ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിനോട് 2-1ന് തോറ്റു. ഇത്തവണത്തെ ഫൈനൽ വേദിയായ ലണ്ടനിലെ വെംബ്ളി സ്റ്റേഡിയത്തിലാണ് 2013ലും ഫൈനൽ നടന്നത്.

35

ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ഗോൾ നേടുന്ന പ്രായമേറിയ മൂന്നാമത്തെ താരമാണ് മാറ്റ് ഹമ്മൽസ്. 35വർഷവും 143 ദിവസവുമാണ് ഹമ്മൽസിന്റെ പ്രായം. 37 വയസിൽ ഗോൾ നേടിയ റയാൻ ഗിഗ്സും എഡിൻ സെക്കോയുമാണ് ഇക്കാര്യത്തിൽ ഹമ്മൽസിന് മുന്നിലുള്ളത്.

6

മൂന്ന് തവണ ചാമ്പ്യൻസ് ലീഗിന്റെ സെമിയിലെത്തിയ പി.എസ്.ജി ഇരുപാദങ്ങളിലായി നടന്ന ആറുമത്സരങ്ങളിലും തോറ്റവരാണ്. 1994-95ൽ എ.സി മിലാനോടും 2020-21 സീസണിൽ മാഞ്ചസ്റ്റർ സിറ്റിയോടുമായിരുന്നു തോൽവികൾ.