ലൂണയെ വിടില്ലെന്ന് ബ്ളാസ്റ്റേഴ്സ്

Thursday 09 May 2024 12:46 AM IST

തിരുവനന്തപുരം : മധ്യനിരതാരവും ക്യാപ്റ്റനുമായ അഡ്രിയാൻ ലൂണയെ അടുത്ത സീസണിലും ടീമിൽ നിലനിറുത്തുമെന്ന ഉറപ്പുമായി കേരള ബ്ളാസ്റ്റേഴ്സ് മാനേജ്മെന്റ്. ആരാധകരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പരിശീലകൻ ഇവാൻ വുകോമനോവിച്ചിനെ ഒരു കോടി രൂപ പിഴ ഈടാക്കിയശേഷമാണ് ക്ളബുമായി പിരിയാൻ അനുവദിച്ചത് എന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ലൂണയും ക്ളബ് വി‌ടുന്നതായി വാർത്തകൾ വന്നിരുന്നു. ഇത് വലിയ രീതിയിൽ ആരാധകരോഷം സൃഷ്ടിക്കുമെന്ന് തിരിച്ചറിഞ്ഞാണ് ലൂണയുടെ കാര്യത്തിൽ ഉറപ്പുമായി ക്ലബ്ബുടമ നിഖിൽ ബി. നിമ്മഗഡ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടത്.

ലൂണ ക്ലബ്ബ് വിടുമെന്ന അഭ്യൂഹം കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശക്തമായിരുന്നു. ഈമാസം 31 വരെയാണ് താരത്തിന് ബ്ലാസ്റ്റേഴ്സുമായി കരാറുള്ളത്.

ലൂണയെ സ്വന്തമാക്കാൻമുംബൈ സിറ്റിയും എഫ്.സി. ഗോവയും വമ്പൻ വാഗ്ദാനങ്ങളുമായി പിന്നാലെയുണ്ടായിരുന്നു. ലൂണയെ ക്ലബ്ബ് കൈമാറുമെന്ന വാർത്തകളും പുറത്തുവന്നതോടെ ആരാധകർ സാമൂഹികമാധ്യമങ്ങളിലൂടെ ക്ലബ്ബ് മാനേജ്മെന്റിനെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഇതേത്തുടർന്നാണ് നിഖിൽ വിശദീകരണവുമായി വന്നത്. ഒരു ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായി, ലൂണ എവിടേക്കും പോകില്ലെന്ന് കുറിപ്പിട്ടു.

കഴിഞ്ഞ മൂന്ന് സീസണുകളിൽ ടീമിനെ പ്ളേ ഓഫിലെത്തിച്ച സെർബിയക്കാരൻ ഇവാൻ വുകോമാനോവിച്ചിനെ അപ്രതീക്ഷിതമായി ഒഴിവാക്കിയതിനെതിരേ ആരാധകർ രംഗത്തുണ്ട്. 2022-23 സീസണിലെ വിവാദമായ പ്ലേ ഓഫ് മത്സരത്തിനിടെ ടീമിനെ പിൻവലിച്ചതിൽ പരിശീലകന് ക്ലബ്ബ് ഒരു കോടിയോളം പിഴചുമത്തിയെന്ന വാർത്ത പുറത്തുവന്നതും ആരാധകരെ ക്ഷുഭിതരാക്കിയിട്ടുണ്ട്. ആരാധകരോഷം തണുപ്പിക്കാനാണ് നിഖിലിന്റെ ഇടപെടൽ. അടുത്ത മൂന്ന് സീസണിനുള്ളിൽ ക്ലബ്ബ് കിരീടം നേടുമെന്ന ഉറപ്പും മാനേജ്മെന്റ് ആരാധകർക്ക് നൽകുന്നുണ്ട്.

ലൂണയെ നിലനിറുത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ബാക്കി താരങ്ങളുടെ കാര്യത്തിൽ തീരുമാനമൊന്നും വന്നിട്ടില്ല. സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവ് ദിമിത്രി ഡയമെന്റാകോസ്, പ്രതിരോധനിരക്കാരായ മാർക്കോ ലെസ്‌കോവിച്ച്, മിലോസ് ഡ്രിൻസിച്ച് എന്നിവരുടെ കാര്യത്തിൽ മാനേജ്മെന്റ് വ്യക്തത വരുത്താനുണ്ട്. യുവതാരങ്ങളായ കെ.പി. രാഹുൽ, ജീക്സൻ സിംഗ്, സൗരവ് മണ്ഡൽ, ഇഷാൻ പണ്ഡിത എന്നിവരെ കൈമാറുമെന്ന അഭ്യൂഹം ശക്തമാണ്.

Advertisement
Advertisement