പൊന്നാനിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ കെട്ടിയിട്ട് മൂന്നര പവൻ കവർന്നു

Thursday 09 May 2024 12:47 AM IST

പൊന്നാനി : തനിച്ച് താമസിച്ചിരുന്ന സ്ത്രീയെ മർദ്ദിച്ച് വായിൽ സെലോടേപ്പ് ഒട്ടിച്ചു സ്വർണം കവർന്നു. കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചോടെയാണ് സംഭവം ഉണ്ടായത്. പൊന്നാനി ഐശ്യര്യ തിയേറ്ററിനടുത്ത് താമസിച്ചിരുന്ന പരേതനായ കുന്തളകത്ത് വേണുവിന്റെ ഭാര്യ രാധയെയാണ്(65) കഴിഞ്ഞ ദിവസം പുലർച്ചെ അക്രമിച്ചു സ്വർണം കവർന്നത്. വീട്ടിലേക്ക് അതിക്രമിച്ചു കയറിവന്ന മോഷ്ടാവ് രാധയുടെ മർദ്ദിച്ച ശേഷം വായിൽ സെലോടേപ്പ് ഒട്ടിക്കുകയായിരുന്നു പിന്നീട് കാതിലും കഴുത്തിലും ഉണ്ടായിരുന്ന രണ്ടു വളയും കമ്മലും മാലയും ഉൾപ്പെടെ മൂന്നര പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു.സംഭവം അറിഞ്ഞെത്തിയ അയൽവാസികളാണ് കെട്ടിയിട്ട നിലയിൽ കിടക്കുകയായിരുന്ന രാധയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . സംഭവത്തിൽ പൊന്നാനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ദിവസങ്ങളായി പ്രതി സ്ത്രീയെ നിരീക്ഷിച്ചാകും കൃത്യത്തിലേക്കെത്തിയതെന്നാണ് നിഗമനം. 350 പവൻ മോഷണം പോയ മണപ്പറമ്പിൽ രാജീവിന്റെ വീടിന്റെ സമീപത്തു തന്നെയാണ് രാധയുടെ വീടും. നിലവിൽ കുറച്ചു നാളുകളായി പൊന്നാനിയിൽ മോഷണ പരമ്പരകൾ വളരെ കൂടുതലാണ് .