ചൂടിൽ വെന്തുരുകി തീരമേഖല ആശ്വാസം ചെമ്മീൻ ലഭ്യത
പൊന്നാനി : കടുത്ത വേനൽച്ചൂടിൽ വിയർക്കുകയാണ് തീരമേഖല. കടുത്ത വേനൽച്ചൂടിൽ ജോലി ചെയ്യുന്ന മത്സ്യതൊഴിലാളികൾക്ക് മത്സ്യലഭ്യതയിലെ നേട്ടമാണ് ആശ്വാസം. മുൻ വർഷങ്ങളിൽ കടുത്ത വേനൽച്ചൂടിൽ മത്സ്യലഭ്യത കുറഞ്ഞിരുന്നു.
നത്തോലിയും ചെമ്മീനുമാണ് ഇപ്പോൾ കൂടുതലായ് ലഭിക്കുന്നത്. സാധാരണ ഈ സമയത്ത് ലഭിക്കാത്ത ചെമ്മീൻ കൂടുതലായി ലഭിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ ഏകദേശം പത്തു ലക്ഷം മുതൽ രണ്ട് ലക്ഷം രൂപയ്ക്ക് വരെയുള്ള ചെമ്മീൻ ചെറുതും വലുതുമായ ബോട്ടുകൾക്ക് ലഭിച്ചു. ഇതേ രീതിയിൽ നത്തോലിയും അഞ്ചു ലക്ഷം മുതൽ രണ്ട് ലക്ഷം രൂപയ്ക്ക് വരെ ലഭിക്കുന്നുണ്ട്. ഓരോ ബോട്ടുകൾക്കും കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ ആറായിരം കിലോ ചെമ്മീൻ വരെ ചില ബോട്ടുകൾക്ക് ലഭിച്ചു. ഇത് കടുത്ത ചൂടിനിടയിൽ അപൂർവമാണെന്ന് മത്സ്യ മേഖലയിലുള്ളവർ പറയുന്നു.
കടലിലും കൊടും ചൂട്
ബോട്ടുകൾ രണ്ടും മൂന്നും ദിവസം കടലിൽ തങ്ങിയാണ് മത്സ്യവുമായ് കരയിലേക്കെത്തുന്നത് .
കടലിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
മാർക്കറ്റിൽ നിലവിൽ ചെമ്മീന് കിലോക്ക് 180 രൂപയ്ക്ക് മുകളിൽ വില ഉണ്ടെങ്കിലും നത്തോലിക്ക് കിലോക്ക് വില അറുപതു രൂപവരേയേ ഉള്ളൂ.
180 രൂപയ്ക്ക് മുകളിലാണ് ഒരു കിലോ ചെമ്മീനിന്റെ വില
പതിവിന് വിപരീതമായി ചെമ്മീൻ ലഭ്യത കൂടിയത് മത്സ്യതൊഴിലാളികൾക്ക് ഏറെ ആശ്വാസകരമാണ് - അഷ്റഫ് ബേബി